തിരുവനന്തപുരം: നരേന്ദ്ര മോദി മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരത്തിലേറിയാല്‍ ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പഴയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് കേരളഘടകം. ഇനി 12 മണിക്കൂർ ശേഷിക്കുന്നു, മോദിജിയെ വിശ്വസിക്കുന്നെങ്കില്‍ അർധരാത്രി വരെ ഉറങ്ങരുത്, കോണ്‍ഗ്രസ് കേരള എക്സില്‍ കുറിച്ചു.പാക് അധീന കശ്മീർ സംരക്ഷിക്കാൻ പാകിസ്താനാകില്ല എന്നായിരുന്നു അന്ന് യോഗി പറഞ്ഞത്. പ്രധാനമന്ത്രി മോദി അധികാരമേറ്റ് ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്നും യോഗി അവകാശപ്പെട്ടിരുന്നു. മേയ് 18-ന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. യോഗിയുടെ പ്രസ്താവനയ്ക്ക് ശേഷം ഇന്നേക്ക് ആറ് മാസം കഴിഞ്ഞതിനാലാണ് കോണ്‍ഗ്രസിന്റെ പരിഹാസം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.