കൊല്ലം: കൊട്ടാരക്കര ഓയൂരിൽ നിന്നും കാണാതായ അബിഗേൽ സാറ റെജിയ്ക്കായി പരിശോധന കർശനമാക്കി. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ആദ്യം അഞ്ചു ലക്ഷം രൂപയാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത് നൽകാമെന്നു സമ്മതിച്ചതിനു പിന്നാലെ പത്ത് ലക്ഷമായി തുക ഉയർത്തി. തുടർന്ന് ഫോൺ കോൾ സംഘം കട്ട് ചെയ്യുകയായിരുന്നു. മാതാവിന്റെ ഫോണിലേയ്ക്കു വന്ന കോൾ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിൽ നിന്നാണ് എന്നു പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. പാരിപ്പള്ളിയിലെ കട ഉടമയുടെ ഫോണിൽ നിന്നാണ് പ്രതികൾ കുട്ടിയുടെ മാതാവിനെ വിളിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഓട്ടോറിക്ഷയിൽ എത്തിയ സംഘം ബിസ്‌ക്കറ്റ് വാങ്ങുകയായിരുന്നുവെന്നാണ് കട ഉടമ പറയുന്നത്. തുടർന്ന്, ബിസ്‌ക്കറ്റ് വാങ്ങുന്നതിനായി ചോദിച്ച ശേഷം കട ഉടമയുടെ ഫോൺ വാങ്ങി. ഈ ഫോണിൽ നിന്നാണ് കുട്ടിയുടെ മാതാവിനെ വിളിച്ചത്. ഇതിന് ശേഷം ഇവർ സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. തുടർന്നു, പൊലീസ് സംഘം വ്യാപകമായ പരിശോധന നടത്തുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , തിരുവനന്തപുരം ജില്ലാ അതിർത്തികളിലും വ്യാപകമായ പരിശോധന നടത്തിയിട്ടുണ്ട്.