കൊച്ചി : മോൺസൻ മാവുങ്കൽ കേസിൽ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് എതിരെ കൂടുതൽ തെളിവ് ശേഖരിച്ചിരുന്നു. വീഴ്ച സംഭവിച്ചുവെന്ന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ലക്ഷ്മണിനെ സസ്പെന്റ് ചെയ്തത്.
മോൻസൺ മാവുങ്കലിന്റെ വ്യാജപുരാവസ്തു കച്ചവട തട്ടിപ്പുകൾക്ക് ഐ.ജി ലക്ഷ്മൺ കൂട്ടുനിന്നതായി വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായി. അടുത്തിടെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്തെങ്കിലും എ.ഡി.ജി.പിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരുന്നു. കേസിൽ ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ മൂന്നാം പ്രതിയും മുൻ ഡി.ഐ.ജി സുരേന്ദ്രൻ നാലാം പ്രതിയുമാണ്. പണമിടപാടിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നുവർഷമായി ഐ.ജി ലക്ഷ്മണിന് മോൻസണുമായി ബന്ധമുണ്ട്. ഇദ്ദേഹം ഇടനിലക്കാരിയെ വെച്ച് വ്യാജപുരാവസ്തുക്കൾ വിൽക്കാൻ ശ്രമിച്ചെന്നും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കിയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തട്ടിപ്പുക്കേസിൽ പ്രതിയായ ശേഷവും ഐ.ജി മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ ചേർത്തലയിലെയും കലൂരിലെയും വീടുകളിലെത്തിയിരുന്നു.
ആന്ധ്ര സ്വദേശിനിയുമായി ബന്ധപ്പെട്ട് കോടികളുടെ ബിസിനസ് ഇടപാടുകൾക്ക് ഐജി ലക്ഷ്മൺ ഇടനിലക്കാരനായിട്ടുണ്ട് എന്നതിന്റെ തെളിവുകൾ മോൻസന്റെ വീട്ടിൽനിന്നു ലഭിച്ചിരുന്നു. 2017 മുതൽ ലക്ഷ്മണിന് മോൺസൻ മാവുങ്കലുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുരാവസ്തു ഇടപാടുകാരെയടക്കം മോൺസനുമായി ബന്ധിപ്പിച്ച് നൽകിയതും ഇയാളാണ്.