ദില്ലി: നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഉൾപ്പെടെ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇൻസ്പെക്ഷൻ കമ്മിറ്റി അധ്യക്ഷനെയും ആറ് അംഗങ്ങളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലുള്ള കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷന് (കെഎൽഇഎഫ്) എ++ അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി നാക് ഇൻസ്പെക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ. പിന്നാലെയാണ് സിബിഐ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടന്നത്. ഇൻസ്പെക്ഷൻ കമ്മിറ്റി അധ്യക്ഷനും രാമചന്ദ്ര ചന്ദ്രവൻശി സർവകലാശാല വൈസ് ചാൻസലറുമായ സമരേന്ദ്ര നാഥ് സാഹ, കമ്മിറ്റി അംഗങ്ങളായ രാജീവ് സിജാരിയ (ജെഎൻയു പ്രൊഫസർ), ഡി ഗോപാൽ (ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ ഡീൻ), രാജേഷ് സിങ് പവാർ (ജാഗ്രൻ ലേക്സിറ്റി യൂണിവേഴ്സിറ്റി ഡീൻ), ജിഎൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഡയറക്ടർ മാനസ് കുമാർ മിശ്ര, ദാവൻഗെരെ സർവകലാശാലയിലെ പ്രൊഫസർ ഗായത്രി ദേവരാജ്, സംബൽപൂർ സർവകലാശാലയിലെ പ്രൊഫസർ ബുലു മഹാറാണ എന്നിവരാണ് അറസ്റ്റിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈക്കൂലി ആരോപണം ദൗർഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നാക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ പ്രൊഫ അനിൽ ഡി സഹസ്രബുദ്ധെ പറഞ്ഞു. കെഎൽഇഎഫ് വൈസ് ചാൻസലർ ജി പി സാരധി വർമ്മയും സ്ഥാപനത്തിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
അക്രഡിറ്റേഷനായി നാക് സംഘത്തിന് കൈക്കൂലി നൽകിയെന്നാരോപിച്ച് 20 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കൈക്കൂലിയായി നൽകിയെന്ന് പറയപ്പെടുന്ന പണം, സ്വർണം, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചെന്നൈ, ബെംഗളൂരു, വിജയവാഡ, പലാമു, സംബാൽപൂർ, ഭോപ്പാൽ, ബിലാസ്പൂർ, ഗൗതം ബുദ്ധ നഗർ, ദില്ലി എന്നിവയുൾപ്പെടെ ഇന്ത്യയിലെ 20 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി സിബിഐ അറിയിച്ചു. ഏകദേശം 37 ലക്ഷം രൂപയും ആറ് ലെനോവോ ലാപ്ടോപ്പുകളും ഒരു ഐഫോൺ 16 പ്രോയും ഉൾപ്പെടെ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.