കോട്ടയം : ഇടത് മുന്നണി സർക്കാരിന്റെ കഴിഞ്ഞ ഒൻപത് കൊല്ലത്തെ ഭരണത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ആകെ താറുമാറായെന്നും സർവ്വകലാശാലകൾ നാഥനില്ലാ കളരികൾ ആയെന്നും അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലാ ക്യാമ്പസിൽ എംജി യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ മൂന്നാം വാർഷിക സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണനിലവാരമുള്ളതും, തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം തേടി സംസ്ഥാനത്ത് നിന്നും അന്യ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് തുടരുകയാണെന്നും സംസ്ഥാനത്തെ ഒന്നാം നിര കോളേജുകളിൽ പോലും പഠിക്കാൻ വിദ്യാർത്ഥികളില്ലെന്നും സർക്കാർ ഈ അപചയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ, വിദേശ സർവ്വകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കുമ്പോൾ പൊതുമേഖലാ സർവ്വകലാശാലകളുടെ നിലനിൽപ്പ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പഠന വിധേയമാക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ധൃതി പിടിച്ച് സ്വീകരിച്ചതുൾപ്പടെയുള്ള ഇടത് സർക്കാരിന്റെ വികല നയങ്ങളുടെ പരിണതിയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ ഭരണമാറ്റം ആസന്നമാണെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വീണ്ടെടുപ്പിന് ഐക്യ ജനാധിപത്യ മുന്നണി വ്യക്തമായ നയ പരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് സന്ധ്യ ജി കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം അഡ്വ പ്രിൻസ് ലൂക്കോസ്, ആതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ്, ജയ്സൺ ഞൊങ്ങിണിയിൽ, എംജി യൂണിവേഴ്സിറ്റി റിട്ടയറീസ് യൂണിയൻ നേതാക്കൾ ആഷിക് എം എം കമാൽ, എം. ഷാജിഖാൻ, ഡി. പ്രകാശ്, റോയി ജോസഫ്, ഡി. രാജീവ്, എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി വൈ. സക്കീർ ഹുസൈൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി. രാജേഷ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ 31 വർഷത്തെ സേവനത്തിന് ശേഷം എംജി സർവ്വകലാശാലയിൽ നിന്നും വിരമിക്കുന്ന സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി വൈ. സക്കീർ ഹുസൈന് മോൻസ് ജോസഫ് എംഎൽഎ മെമെന്റോ സമ്മാനിച്ച് യാത്രയയപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംജി യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ 2025-26 വർഷത്തെ ഭാരവാഹികളായി ഷഹബാസ് റഹീം (പ്രസിഡന്റ്), വി. രാജേഷ് (ജനറൽ സെക്രട്ടറി) സൻജാൻ എ. എസ്., രഞ്ജിത എൻ. പി. (വൈസ് പ്രസിഡന്റുമാർ) ഡി. മധുസൂദനൻ പിള്ള, അനീഷ സൂസൻ ഏലിയാസ് (ജോയിന്റ് സെക്രട്ടറിമാർ) ജോബ് സി. ജെ. (ട്രഷറര്) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.