തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. ചേർത്തല പള്ളിപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ഇടത്തട്ടിൽ അശോകനാണ് (65) മരിച്ചത്. റോഡിനോട് ചേർന്ന് പാടശേഖരത്തിൽ വീണാണ് അപകടം ഉണ്ടായത്. അതേസമയം, കൊച്ചിയിൽ രാത്രി മഴ മാറി നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞ് വരികയാണ്. ജില്ലയിൽ നിലവിൽ 5 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ക്യാമ്പുകളിലായി 116 പേരാണ് ആകെയുള്ളത്. വാഴക്കാല മേരി മാതാ സ്കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേരുള്ളത്. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ രാവിലെയോടെ വെള്ളമിറങ്ങി. മഴ കുറഞ്ഞതോടെ പത്തനംതിട്ട ജില്ലയിൽ അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെടെ സ്ഥിതി ശാന്തമാണ്. താഴ്ന്ന പ്രദേശങ്ങളിൽ പക്ഷെ വെള്ളക്കെട്ട് രൂക്ഷമാണ്.
കനത്ത മഴയിൽ തൃശ്ശൂര്‍ പെരിഞ്ഞനത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ഇരുപത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരിഞ്ഞനം ഗവ. യു.പി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. മുപ്പത് പേരാണ് ഇപ്പോൾ ക്യാമ്പിൽ ഉള്ളത്. പത്ത് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ദേശീയപാതയുടെ മൂന്നുപീടിക ബൈപാസ് കടന്നുപോകുന്ന പ്രദേശത്തുള്ളവരാണ് കൂടുതൽ കുടുംബങ്ങളും.
കമ്യൂണിറ്റി ഹാൾ പരിസരം, പള്ളിയിൽ അമ്പലം പടിഞ്ഞാറ് ഭാഗം, കൊറ്റംകുളം പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളം ഒഴുകി പോകുന്ന കാനകൾ മൂടി പോയതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പറഞ്ഞു.