ഇംഫാൽ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങുകള്‍ വൈകും.ന്യൂഡല്‍ഹിയില്‍ നിന്നും മണിപ്പൂരിലെ ഇംഫാലിലേക്ക് രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിക്കുന്ന പ്രത്യേക ഇൻഡിഗോ വിമാനം വൈകിയതിനെ തുടര്‍ന്നാണിത്. തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ് കാരണമാണ് വിമാനം വൈകിയത്. കനത്ത മൂടല്‍മഞ്ഞ് കാരണം വിമാന സര്‍വീസുകള്‍ വൈകിയെന്ന് ഇൻഡിഗോ സോഷ്യല്‍മീഡിയയില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമാനവും വൈകിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഉച്ചയോടെ ഉദ്ഘാടനം നടത്തി മണിപ്പൂരിലെ പര്യടനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. നാളെ നാഗാലാൻഡിലാണ് പര്യടനം നടത്താൻ തീരുമാനിച്ചത്.
67 ദിവസം നീളുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലിലാണ് തുടക്കം കുറിക്കുക. ഖോംഗ്ജോം യുദ്ധ സ്മാരകത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ ഫ്ളാഗ് ഒഫ് ചെയ്യും. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ യാത്ര നീങ്ങും. മാര്‍ച്ച് 20നോ 21നോ യാത്ര മുംബയില്‍ സമാപിക്കുമെന്നാണ് സൂചന. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6200 കിലോമീറ്ററാണ് യാത്ര. മണിപ്പൂര്‍, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.