കോട്ടയം: മൂലേടം മേൽപ്പാലത്തിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അയ്മനം സ്വദേശികൾക്കു പരിക്ക്. മേൽപ്പാലത്തിൽ തൃക്കയിൽ ക്ഷേത്രത്തിലേയ്ക്കു പോകുന്ന റോഡിനു സമീപത്തു വച്ചാണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്.
അയ്മനം കല്ലുങ്കത്ര വട്ടത്തിൽ സുനിലിന്റെ ഭാര്യ സൗമ്യ (34) യ്ക്കാണ് പരിക്കേറ്റത്. കാലിനാണ് പരിക്ക്. സൗമ്യയുടെ അമ്മ സുമ (58) ഓട്ടോയിൽ നിന്നും തെറിച്ച് റോഡിൽ വീണെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സൗമ്യയും കുടുംബവും മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിച്ച് തിരികെ വാകത്താനത്തെ സൗമ്യയുടെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം. ഓട്ടോ യാത്രക്കാരായ സൗമ്യയുടെ മക്കളായ അതിൽ (11), അതുൽ (ഒൻപത്), സൗമ്യയുടെ അച്ഛൻ വാകത്താനം പടിഞ്ഞാറേപ്പറമ്പിൽ സുരേന്ദ്രൻ (60), ഓട്ടോ ഡ്രൈവർ ശ്രീജിത്ത് എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു മുൻ ചക്രങ്ങൾ പഞ്ചറായ കാർ പാലത്തിൽ തന്നെ കിടക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. നഗരത്തിലെ ആശുപത്രിയിൽ പോയ ശേഷം വാകത്താനത്തെ സൗമ്യയുടെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരിയിലേയ്ക്കു കയറിയാണ് ഓട്ടോറിക്ഷ നിന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് ഓട്ടോറിക്ഷ മറിയാതിരുന്നത്.
അപകടത്തെ തുടർന്നു ഓട്ടോറിക്ഷയും കാറും റോഡിൽ തന്നെ കിടന്നെങ്കിലും രാത്രിയിൽ ഇതുവഴി യാത്രക്കാരും, നാട്ടുകാരും എത്തിയില്ല. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് ഇതുവഴി ഒരു കാർ എത്തിയത്. ഈ കാറിൽ കുടുംബത്തെ ആശുപത്രിയിലേയ്ക്കു മാറ്റി. അപകടമുണ്ടായ ഉടൻ തന്നെ വഴിയാത്രക്കാർ പരിക്കേറ്റ സൗമ്യയെ കോട്ടയം ജനറൽ ആശുപത്രിയിലാക്കിയെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.