തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിൽ ജലമലിനീകരണത്തിന് കാരണമാകുന്ന വെള്ളൂർ കെപിപിഎല്ലിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനു ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുവാൻ ഫണ്ട് അനുവദിക്കുന്നതിന് തീരുമാനമായി. മൂവാറ്റുപുഴയാർ ജലമലിനീകരണ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിപിഎല്ലിന് മുന്നിലേക്ക് നടത്തിയ മാർച്ചിനുശേഷം വ്യവസായ മന്ത്രി പി. രാജീവുമായും കമ്പനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കാൻ തീരുമാനമായത്.
കൂടാതെ കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായി മാലിന്യമുണ്ടായാൽ ഉത്പാദനം നിയന്ത്രിച്ച് പരിഹാരം ഉണ്ടാക്കാനും ചർച്ചയിൽ തീരുമാനിച്ചു. മൂവാറ്റുപുഴയാർ ജലമലിനീകരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ജനങ്ങളുടെ പ്രതിഷേധം ന്യായമാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെപിപിഎൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് കമ്പനി ഗേറ്റിനു മുമ്പിൽ അവസാനിച്ചു തുടർന്ന് ചേർന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂറുകണക്കിനാളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. പ്രതിഷേധ ധർണയിൽ സിപിഎം വെള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി. എം.കുസുമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി.ഹരിക്കുട്ടൻ, വി.എൻ.ബാബു, കെ.എസ്. വേണുഗോപാൽ, ടി. എൻ.സിബി, കെ. ബി.രമ, വി.കെ.രവി, എ.പി.ജയൻ, എം. കെ.ഹരിദാസൻ, രഞ്ജുഷ ഷൈജി, ആർ.രോഹിത്, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയഅനിൽ, ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ, മറവന്തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ എന്നിവർ പ്രസംഗിച്ചു.