പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവർ ഹൗസിന്റെ ജനറേറ്റർ വാർഷിക അറ്റകുറ്റപണിക്കു വേണ്ടി ജനുവരി ഏഴു മുതൽ ജനുവരി 25 വരെ വൈദ്യുതോത്പാദനം നിർത്തി വച്ചതിനാൽ മൂഴിയാർ ഡാമിന്റെ ജല നിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയരുന്നതിനുള്ള സാഹചര്യമുണ്ട്.
ജല നിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ എന്ന തോതിൽ ഉയർത്തി 50 കുമെക്സ് എന്ന നിരക്കിൽ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും. ഓറഞ്ചു ബുക്കിലെ നിർദേശം അനുസരിച്ചു രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയിൽ വരുന്നതാണ് മൂഴിയാർ ഡാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാർ ഡാമിൽ നിന്നും കക്കാട് പവർ ഹൗസ് വരെ എത്താൻ ഏകദേശം രണ്ടു മണിക്കൂർ സമയം എടുക്കും. ഈ സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തുന്നത് മൂലം നദികളിൽ 15 സെ.മീ. വരെ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസിക്കുന്നവരും, ആളുകളും, പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണ്.
നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.