റബറ്റ്: മൊറോക്കോയെ പിടിച്ചുലച്ച ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. കൂടുതല്‍ മരണം അല്‍ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 1400ല്‍ അധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. 2100ല്‍ അധികം പേര്‍ക്ക് പരിക്കുകളുണ്ട്. പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല. തകര്‍ന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളിലടക്കം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൊറോക്കയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ലോകരാജ്യങ്ങള്‍ മൊറോക്കൻ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തി. ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജര്‍മനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചരിത്ര നഗരമായ മറാക്കഷിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്തംബര്‍ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയില്‍ വൻ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടര്‍ചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പര്‍വത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി പറഞ്ഞത്.