കോട്ടയം : മദര്‍ തെരേസയുടെ ജന്മദിനം സംസ്ഥാന സര്‍ക്കാര്‍ അനാഥ – അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല ദിനാചരണം സംഘടിപ്പിച്ചു. കൈപ്പുഴ സെന്റ് തോമസ് അസൈലത്തില്‍ നടന്ന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് അധ്യക്ഷത വഹിച്ചു. കോട്ടയം സിഎംഎസ് കോളേജ് അസി പ്രൊഫ. ഡോ അജീഷ് കെ ആര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടമുറി കാരിസ് നികേതന്‍ ഓള്‍ഡേജ് ഹോം ഡയറക്ടര്‍ ഫാ, സഖറിയാസ്, കോട്ടയം സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത, സെന്റ് തോമസ് അസൈലം ഡയറക്ടര്‍ സിസ്റ്റര്‍ ഫ്രാന്‍സി, സാമൂഹ്യനീതി വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് പ്രിയദര്‍ശിനി കെ സി, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കോട്ടമുറി കാരിസ് നികേതന്‍, കാരുണ്യ എസ്എച്ച് ശ്രീകണ്ഠമംഗലം, കോട്ടമുറി സ്‌നേഹാലയം, അബ്രോഭവന് അതിരമ്പുഴ, സെന്റ് തോമസ് അസൈലം കൈപ്പുഴ, എയ്ഞ്ചല്‍ ഗാര്‍ഡന്‍ നീണ്ടൂര്‍, ഏറ്റുമാനൂര്‍ ജോസ്ഗിരി എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. മദര്‍ തെരേസയുടെ ഛയാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്.