പ്രേക്ഷകാഭിപ്രായം സിനിമയുടെ ജയപരാജങ്ങളെ സ്വാധീനിക്കുന്നത് ഇന്ന് മുന്‍പത്തേതിലും വേഗത്തിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അഭിപ്രായങ്ങളുടെ ഒഴുക്ക് തന്നെയാണ് ഇതിന് കാരണം. ഇപ്പോഴിതാ പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ച് ഒരു സിനിമയുടെ ക്ലൈമാക്സില്‍ത്തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് അണിയറക്കാര്‍.
തുമ്പാഡ് എന്ന ശ്രദ്ധേയ ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടന്‍ സോഹം ഷാ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ക്രേസിയുടെ ക്ലൈമാക്സ് ആണ് പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് മാറ്റിയിരിക്കുന്നത്. ഫെബ്രുവരി 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ നിര്‍മ്മാണവും സോഹം ഷാ ആണ്. ഗിരീഷ് കോലിയാണ് രചനയും സംവിധാനവും. ചിത്രത്തിന് മികച്ച അഭിപ്രായവും ഭേദപ്പെട്ട കളക്ഷനും ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് മറ്റൊരു തരത്തില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ രസകരമായേനേയെന്നും അത് തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്നും നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനുള്ള മറുപടിയുമായാണ് അണിയറക്കാര്‍ എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ലൈമാക്സില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നത് തങ്ങള്‍ കേട്ടെന്നും അതിനാല്‍ ക്ലൈമാക്സില്‍ തങ്ങള്‍ ചില്ലറ തിരുത്തലുകള്‍ വരുത്തിയിരിക്കുകയാണെന്നും സോഹം ഷാ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം ഒരു സര്‍പ്രൈസും പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ക്ലൈമാക്സില്‍ ഭേദഗതിയോടെയുള്ള പതിപ്പ് വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ കാണാം.
അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കായി പുതിയ പതിപ്പിന്‍റെ സ്ക്രീനിംഗ് ഇന്ന് നടക്കും. ക്ലൈമാക്സിലെ മാറ്റം പ്രേക്ഷകരെ കൂടുതലായി തിയറ്ററുകളില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ആദ്യ ആറ് ദിനങ്ങളില്‍ നിന്നായി 6.48 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. ടിന്നു ആനന്ദ്, നിമിഷ സജയന്‍, ശില്‍പ ആനന്ദ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.