മൈസൂർ വൃന്ദാവന്റെ മാതൃകയിൽ പുതുമുഖമായി മാറാൻ മലമ്പുഴ ഉദ്യാനം; നവീകരണത്തിനായി കവാടങ്ങൾ അടച്ചു

മലമ്പുഴ:കേരളത്തിന്റെ “ഉദ്യാന റാണി” എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം താൽക്കാലികമായി അടച്ചു.കേന്ദ്ര സർക്കാരിന്റെ സ്വദേശം ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി 75.87 കോടി രൂപ ചെലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കായാണ് ഉദ്യാനം അടച്ചിടുന്നത്.കഴിഞ്ഞ മാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാഘോഷം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഇനി പുതിയ അറിയിപ്പ് വരുന്നതുവരെ ഉദ്യാനത്തിലേക്കുള്ള പ്രവേശനം നിരോധിതമായിരിക്കുമെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലസേചന വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് തന്നെയാണ് പദ്ധതി നടപ്പാക്കുന്നത്.മലമ്പുഴയുടെ പ്രകൃതി ഭംഗിക്ക് കേടുപാടുകൾ വരുത്താതെ തന്നെ വാട്ടർ തീം പാർക്കുകൾ, വാട്ടർ ഫൗണ്ടനുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക റൈഡുകൾ, പുതിയ വിനോദകേന്ദ്രങ്ങൾ, ഓർക്കിഡ് പാർക്കുകൾ എന്നിവ ഒരുക്കും.

Advertisements

ഉദ്യാനത്തിനകത്ത് നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ, പരിസ്ഥിതി സൗഹൃദ മാലിന്യസംസ്‌കരണ സംവിധാനം, ഭിന്നശേഷിക്കാർക്കായി പ്രത്യേകം റാംപുകൾ എന്നിവയും നിർമിക്കും.കൂടാതെ കാർഷിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മലമ്പുഴ തോട്ടങ്ങളും പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാൻ വേദികളും ഉൾപ്പെടുത്തും. നവീകരണം പൂർത്തിയാക്കി അടുത്ത വർഷത്തെ അവധിക്കാലത്തിനു മുന്നേ ഉദ്യാനം തുറന്നു കൊടുക്കാനാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു.മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയിൽ നവീകരിക്കുന്ന ഉദ്യാനത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ്.കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വരുമാനത്തിലും സന്ദർശകരുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്ന മലമ്പുഴ, വർഷങ്ങളായി നിറം മങ്ങിയ കാഴ്ചകളോടെ സന്ദർശകരെ വരവേറ്റിരുന്നു. എന്നാൽ, കവാടങ്ങൾ വീണ്ടും തുറക്കുമ്പോൾ സന്ദർശകരെ പുതുമുഖ സുന്ദരിയായ ‘ഉദ്യാന റാണി’ തന്നെയായിരിക്കും വരവേൽക്കുക.

Hot Topics

Related Articles