ആലപ്പുഴ: വി.എസിന് സാധാരണ ജനങ്ങളുടെ ഭാഷ അറിയാമായിരുന്നുവെന്നും ആമൊഴിവഴക്കം നഷ്ടമായി അച്ചടി ഭാഷയിലാണ് സംസാരമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. വലിയചുടുകാട് നടന്ന വി.എസ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്കും തൊഴിലാളികൾക്കും മനസ്സിലാകുന്ന ഭാഷയിലാണ് വി.എസ് സംസാരിച്ചിരുന്നത്. ഡൽഹിയിൽ നൂറുകണക്കിന് യുവാക്കളുടെ സമരം നടക്കുകയാണ്. പുതിയ കാലത്ത് ആ തലമുറയുടെ ഭാഷയിൽ അവരോട് സംസാരിക്കാനാവണം. അവർക്ക് മനസ്സിലാകുന്ന രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കണം. വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി.എസിന്റെ കാലത്ത് ഉണ്ടായിട്ടില്ല. വി.എസിന്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിന് മുന്നിൽ മൈക്കുകെട്ടി വെല്ലുവിളിച്ചിട്ടുണ്ട്. അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ എങ്ങനെ സമരം ചെയ്യണമെന്ന് വി.എസ് പഠിപ്പിച്ചു. അടുത്ത തവണ തിരിച്ചുവരാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന് സാധാരണക്കാരുടെ ഭാഷ അറിയമായിരുന്നു; ആമൊഴി വഴക്കം നഷ്ടമായി-ഡോ. ടി.എം. തോമസ് ഐസക്


