ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ എന്ന സമരസൂര്യന്‍റെ ജ്വലിക്കുന്ന ഓർമകളിൽ വലിയചുടുകാടും പറവൂർ വേലിക്കത്ത് വീടും. പറവൂർ വേലിക്കത്ത് വീട്ടിൽ അർധകായ പ്രതിമയും ഒരുജനതയുടെ അവകാശത്തിനും അഭിമാനത്തിനുമായി പോർമുഖം തുറന്ന പുന്നപ്ര-വയലാർ സമരസേനാനികൾ അന്തിയുറങ്ങുന്ന വലിയചുടുകാട് മണ്ണിൽ സി.പി.എമ്മിന്‍റെ പണിത വി.എസ് സ്മാരകവും അടയാളപെടുത്തിയാണ് സമരനായകനും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ ഒന്നാംചരമവാർഷികം ആചരിച്ചത്. വി.എസ് സന്ദർശകരെ കാണുന്നതിനായി വീടിന്‍റെ മുറ്റത്ത് ഒരുക്കിയിട്ടുള്ള ഇടത്താണ് അർധകായപ്രതിമ സ്ഥാപിച്ചത്. വി.എസിന്‍റെ ഭാര്യ വസുമതിയും മകൻ വി.എ. അരുൺകുമാറും ചേർന്നാണ് അനാച്ഛാദനം നടത്തിയത്. വി.എ. അരുൺകുമാറിന്‍റെ നിർദേശപ്രകാരം ശിൽപി ഉണ്ണി കാനായി ആറുദിവസം എടുത്താണ് പ്രതിമ പണിതത്.
ജനമനസ്സിൽ പതിഞ്ഞ വി.എസിന്‍റെ അതേരൂപം നിർമിക്കുകയെന്നത് വലിയവെല്ലുവിളിയായിരുന്നു. വി.എസിന്‍റെ മുഖഭാവത്തെ അതേരൂപത്തിൽ ഒപ്പിയെടുത്താണ് ‘വേലിക്കകത്തെ’ വീടിന്‍റെ മുന്നിൽ ഇടംപിടിച്ചത്. പുന്നപ്ര-വയലാർ സമരനായകന്‍റെ ചിരിക്കുന്ന മുഖത്തോടെയുള്ള പ്രതിമ കാണാൻ നൂറുകണക്കിനാളുകളാണ് പറവൂരിലെ വീട്ടിലേക്ക് എത്തിയത്. കമ്യൂണിസ്റ്റ് നേതാക്കൾ അന്തിയുറങ്ങുന്ന പുന്നപ്ര-വയലാർ സമരസേനാനികൾ അന്തിയുറങ്ങുന്ന വലിയചുടുകാടിലെ മണ്ണിൽ വി.എസിനെ സംസ്കരിച്ച അതേസ്ഥലത്താണ് സി.പി.എം നേതൃത്വത്തിൽ സ്മൃതികുടീരം ഉയർന്നത്. രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പതാക ഉയർത്തി. രക്തസാക്ഷികൾക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പ്രവർത്തകരുടെ ‘കണ്ണേ കരളേ വി.എസേ… ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ… മുദ്രാവാക്യ അകടമ്പടികളോടെ വി.എസ്.അച്യുതാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ എം.വി.ഗോവിന്ദൻ, വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകൻ വി.എ. അരുൺകുമാർ, മകൾ ഡോ. ആശ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ.ടി.എം.തോമസ് ഐസക്ക്, കെ.എൻ.ബാലഗോപാൽ, സി.എസ്.സുജാത, ടി.പി.രാമകഷ്ണൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ പുഷ്പങ്ങൾ അർപ്പിച്ചു. തുടർന്ന് വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ പ്രവർത്തകരും പുഷ്പങ്ങൾ അർപ്പിച്ച് വി.എസിന്‍റെ ഓർമപുതുക്കയാണ് വലിയചുടുകാട്ടിൽനിന്ന് മടങ്ങിയത്.


