ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കാനായി നിൽക്കുന്ന എല്ലാവഞ്ചകന്മാരുടെയും മുഖത്തുനോക്കി ധിക്കാരത്തിന്റെ ഭാഷയിൽ മറുപടി നൽകുമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ എം.എൽ.എ. വലിയചുടുകാട്ടിൽ വി.എസ്.അച്യുതാനന്ദൻ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്‍റെ അഭാവം ആലപ്പുഴയിലെയും കേരളത്തിലെയും പാർട്ടി ഇന്ന് നേരിടുന്നുണ്ട്. വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ വഞ്ചകന്മാരെയും ഒറ്റുകാരെയും ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനത്തെ ഏകോപിപ്പിക്കുമായിരുന്നു. വി.എസിന്റെ പാതയിൽ നമ്മൾ സഞ്ചരിക്കും. ആലപ്പുഴയുടെ മണ്ണിൽ ഈ പാർട്ടിക്ക് എന്തെങ്കിലും കുറവുസംഭവിച്ചാൽ അതിന്റെ ഇരട്ടിശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ പ്രതിജ്ഞയെടുക്കുന്ന ദിനമാണിത്. വി.എസ്. അച്യുതാനന്ദന്റെ ജീവിതം സാക്ഷ്യപ്പെടുത്തി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയെ സംബന്ധിച്ച് ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഒരു വലിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വലിയ പരാജയം ഏറ്റുവാങ്ങിയതിനുശേഷമാണ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാംചരമ വാർഷികം ആചരിക്കുന്നത്. പാർട്ടിയിൽ ഇന്നുകാണുന്ന എല്ലാ നേതാക്കളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനും വളർത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഈ പ്രസ്ഥാനത്തിനായി വിട്ടുവീഴ്ചകളില്ലാതെ പോരാടിയ നേതാവാണ് അദ്ദേഹമെന്നും സജി ചെറിയാൻ പറഞ്ഞു.


