റാഞ്ചി : ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി സമ്മാനിച്ച് ഒരേ ഒരു എംപിയും പാര്‍ട്ടി വിട്ടു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു ഖോഡയുടെ ഭാര്യ ഗീത ഖോഡയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.സിംഗ്ഭും ലോക്സഭാ സീറ്റില്‍ നിന്നാണ് ഗീത ഖോഡ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. 14 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 12ലും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. രണ്ട് സീറ്റില്‍ ഒന്നാണ് ഇപ്പോള്‍ എംപി ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും നഷ്ടമായിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാന്തിയുടെ സാന്നിധ്യത്തിലായിരുന്നു ഗീതയുടെ ബിജെപി പ്രവേശനം. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നടത്തുന്ന മുന്നണി ചര്‍ച്ചകളിലെ അതൃപ്തിയാണ് ഗീതയെ ബിജെപി പാളയത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയമാണ് നടപ്പാക്കുന്നത് എന്നാണ് പാര്‍ട്ടി വിട്ട ശേഷം ഗീത ആരോപിച്ചത്. കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിച്ചുവെന്നും ബിജെപിയില്‍ ചേര്‍ന്ന് ജനങ്ങളെ സേവിക്കാനാണ് ആഗ്രഹമെന്നും അവര്‍ പ്രതികരിച്ചു.