സിറാജ് ഇന്ത്യൻ ക്രിക്കറ്റ് രാജാവ് ! ആ ക്യാച്ച് നഷ്ടമാക്കി വില്ലനായ സിറാജ് മടങ്ങി വന്നത് വിജയവുമായി

ന്നിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യങ്ങളും നിറഞ്ഞുനിന്ന ഓവല്‍ ടെസ്റ്റിന് ഒടുവില്‍ ആവേശം നിറഞ്ഞ പരിസമാപ്തി.ആ ക്യാച്ച്‌ നഷ്ടപ്പെടുത്തിയ ശേഷം നിരാശയോടെ നില്‍ക്കുന്ന സിറാജിന്റെ ചിത്രം ഇന്ത്യൻ ആരാധകരുടെ മനസില്‍ നിന്ന് മായില്ല. എന്നാല്‍ അഞ്ചാം ദിനം സിറാജ് ഇറങ്ങിയത് ഉറച്ച മനസോടെയായിരുന്നു. 35 റണ്‍സ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റ് വീഴ്ത്തേണ്ടിയിരുന്ന ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ സിറാജിലായിരുന്നു. ബുംറയില്ലെങ്കില്‍ തീക്കാറ്റാകുന്ന അതേ സിറാജില്‍. 78-ാം ഓവറില്‍ ജാമി സ്മിത്തിനെ ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച്‌ സിറാജ് തുടങ്ങി. ഒരറ്റത്ത് പ്രസിദ്ധ് കൃഷ്ണ റണ്ണൊഴുക്ക് തടയാൻ കഷ്ടപ്പെടുമ്ബോള്‍ മറുവശത്ത് സിറാജ് തകർത്ത് പന്തെറിയുകയായിരുന്നു. 80-ാം ഓവറില്‍ ജാമി ഓവർട്ടണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് മത്സരത്തെ വീണ്ടും ആവേശകരമാക്കി. എന്നാല്‍ തോളിന് പരിക്കറ്റിട്ടും ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ക്രീസിലിറങ്ങിയ ക്രിസ് വോക്സിനെ ഒരറ്റത്ത് സംരക്ഷിച്ച്‌ റണ്‍സടിച്ച ഗസ് ആറ്റ്കിൻസണ്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായിരുന്നു. ഒടുവില്‍ 86-ാം ഓവറിലെ ആദ്യ പന്തില്‍ ആറ്റ്കിൻസന്റെ കുറ്റിതെറിപ്പിച്ച്‌ സിറാജ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

Advertisements

വർക്ക് ലോഡ് എന്തെന്നറിയാത്ത സിറാജ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരമ്ബരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസറാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസർമാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യൻ പേസ് നിരയുടെ കുന്തമുന കൂടിയാണ് അദ്ദേഹം. വർക്ക് ലോഡിനെ പറ്റിയുള്ള ചർച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിർണായകസംഭാവനകള്‍ നല്‍കുന്ന താരം. പരമ്ബരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുകളുമായി പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവും സിറാജ് തന്നെ. രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബുംറയുണ്ടെങ്കില്‍ നിഴല്‍രൂപമാണ് സിറാജ്. എന്നാല്‍ ബുംറയില്ലെങ്കില്‍ അയാള്‍ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് കാണാം. ബുംറ കളിക്കാതിരുന്ന ബർമിങ്ങാമിലെ ആദ്യ ഇന്നിങ്സിലെ ആറുവിക്കറ്റ് നേട്ടവും ഓവലില്‍ വീഴ്ത്തിയ ഒമ്ബത് വിക്കറ്റുകളും അതിനു തെളിവാണ്.

ലോർഡ്സിലെ കണ്ണീർ

പരമ്ബരയില്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സില്‍ നടന്ന ടെസ്റ്റ് ആരാധകരാരും അത്ര പെട്ടെന്ന് മറക്കില്ല. 193 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് ഒരു ഘട്ടത്തില്‍ ഏഴിന് 82 റണ്‍സെന്ന നിലയില്‍ തകർന്ന് പരാജയം മുന്നില്‍ കണ്ട ഇന്ത്യയുടെ പോരാട്ടം കണ്ട മത്സരം. ഒടുവില്‍ 75-ാം ഓവറിലെ അഞ്ചാം പന്തില്‍ 22 റണ്‍സകലെ ആ പോരാട്ടം അവസാനിച്ചപ്പോള്‍ നിർഭാഗ്യം പിടികൂടിയത സിറാജിനെയായിരുന്നു. അന്ന് ഇന്ത്യൻ ഇന്നിങ്സില്‍ അവസാനം പുറത്തായത് മുഹമ്മദ് സിറാജായിരുന്നു. തീർത്തും നിർഭാഗ്യമെന്ന് പറയാവുന്ന പുറത്താകല്‍.

അന്ന് 147 റണ്‍സില്‍ ഇന്ത്യയ്ക്ക് ഒമ്ബതാം വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഒരറ്റത്ത് രവീന്ദ്ര ജഡേജയുടെ പോരാട്ടമായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. വാഷിങ്ടണ്‍ സുന്ദറിനെയും നഷ്ടമായി ഏഴിന് 82 റണ്‍സെന്ന നിലയിലായിരുന്ന ടീമിനെ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാറിനൊപ്പം 30 റണ്‍സും ഒമ്ബതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം 35 റണ്‍സും അവസാന വിക്കറ്റില്‍ സിറാജിനൊപ്പം 23 റണ്‍സും ചേർത്ത ജഡേജയാണ് വിജയത്തിന്റെ വക്കോളമെത്തിച്ചത്.

എന്നാല്‍ ഷോയബ് ബഷീർ എറിഞ്ഞ 75-ാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യയുടെ ദൗർഭാഗ്യമുണ്ടായിരുന്നു. സാധാരണ പോലെ ടേണ്‍ ചെയ്തുവന്ന പന്ത് സിറാജ് കൃത്യമായി പ്രതിരോധിച്ചു. പക്ഷേ പന്തിന്റെ കറക്കം അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. സിറാജിന്റെ ബാറ്റില്‍ തട്ടി ഉരുണ്ട പന്ത് നേരേ ചെന്നുപതിച്ചത് വിക്കറ്റില്‍. ഒരു ബെയ്ല്‍ മാത്രം വീഴാൻ പാകത്തിന് അത്ര ശക്തികുറഞ്ഞാണ് പന്ത് വിക്കറ്റില്‍ പതിച്ചത്. ഇംഗ്ലണ്ടിന് ഭാഗ്യവും ഇന്ത്യയ്ക്ക് നിർഭാഗ്യവുമായി ആ പന്ത്. 30 പന്തുകള്‍ പ്രതിരോധിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും സിറാജ്. നിരാശ സഹിക്കാനാകാതെ ഒരറ്റത്ത് സിറാജ് തലകുമ്ബിട്ടിരുന്നപ്പോള്‍ മറ്റേ അറ്റത്ത് 181 പന്തില്‍ നിന്ന് 61 റണ്‍സുമായി ജഡേജ നില്‍ക്കുന്നുണ്ടായിരുന്നു.

മറ്റൊരു തരത്തിലും ഒരുപക്ഷേ സിറാജിന്റെ പോരാട്ടവീര്യത്തെ തകർക്കാൻ അവർക്കാകുമായിരുന്നില്ല. പുറത്തായതിന്റെ നിരാശയില്‍ ബാറ്റില്‍ ഇടിച്ച്‌ കണ്ണീരണിഞ്ഞ് പിച്ചില്‍ ഇരുന്ന സിറാജിനെ ആശ്വസിപ്പിക്കാൻ ആദ്യം എത്തിയത് ഹാരി ബ്രൂക്കും സാക് ക്രോളിയും ജോ റൂട്ടുമായിരുന്നു. പിന്നീട് മറ്റ് ഇംഗ്ലീഷ് താരങ്ങളുമെത്തി. സിറാജിന്റെ കണ്ണുകള്‍ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു. സിറാജിനെ കെട്ടിപ്പിടിച്ച്‌ നെഞ്ചില്‍ കൈ അടിച്ചാണ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് താരത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചത്.

ആ നിരാശയെല്ലാം ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലുകൊണ്ട് സിറാജ് മറികടന്നിരിക്കുന്നു. മത്സര ശേഷം ഈ പ്രകടനം കൊണ്ട് ഹൈദരാബാദ് പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടുമെന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ചിരിയായിരുന്നു സിറാജിന്റെ മറുപടി.

Hot Topics

Related Articles