ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ടൂറിസം വകുപ്പിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകുമെന്നും വിശദീകരിച്ചു.
വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോള്‍ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നല്‍കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഒരുകോടി രൂപയാണ് സാമ്ബത്തിക സഹായമായി ടൂറിസം വകുപ്പ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളംകളി നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ മന്ത്രിയുടെ പോസ്റ്റില്‍ ഒന്നും പരാമർശിച്ചിട്ടില്ല.