തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതി ആദ്യ ഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങള്‍ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ കെ-ഹോംസ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നാല് കേന്ദ്രങ്ങള്‍ക്കും 10 കി.മി ചുറ്റളവിലാണ് കെ-ഹോംസ് പദ്ധതി പ്രാരംഭമായി നടപ്പാക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
ആള്‍ത്താമസമില്ലാത്ത നല്ല സൗകര്യങ്ങളുള്ള വീടുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുകയെന്ന് മന്ത്രി പറഞ്ഞു. നിലവാരമുളള താമസം, രുചികരമായ നാടന്‍ ഭക്ഷണം എന്നിവയെല്ലാം ഇതിന്റെ ആകര്‍ഷണങ്ങളാകും. കെ-ഹോംസിനു മാത്രമായി പ്രത്യേക ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഓരോ വര്‍ഷവും റെക്കോര്‍ഡ് തിരുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തി. കൊവിഡ് കാലത്തിനു മുമ്പുള്ള കണക്കിനേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലബാറിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് നല്കിയ പ്രാധാന്യവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
ടൂറിസം മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നൂതന സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍, സ്മാര്‍ട്ട് വിശ്രമ കേന്ദ്രങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി ടൂറിസം പ്രചാരണം തുടങ്ങി വിവിധ പദ്ധതികള്‍ കെഎസ് യുഎമ്മുമായി ചേര്‍ന്ന് നടപ്പാക്കാനൊരുങ്ങുകയാണ്. ടൂറിസം മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഡിസൈന്‍ പോളിസി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് ആണ് ഇന്ന് ലോകത്ത് കണ്ടുവരുന്ന പുതിയ ട്രെന്‍ഡ്.
തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാന്‍ താല്പര്യപ്പെടാതെ തിരക്കില്ലാത്ത ഏകാന്തതയുള്ള കേന്ദ്രങ്ങള്‍ക്കാണ് പലരും മുന്‍ഗണന നല്‍കുന്നത്. ഇത്തരം അറിയപ്പെടാത്ത ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഡെസ്റ്റിനേഷന്‍ ചലഞ്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു . ഇവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഡിസൈന്‍ പോളിസി നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയില്‍ വനിതാ പ്രാതിനിധ്യമുറപ്പിക്കാനായി സ്ത്രീസംരംഭകരെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 17631 സ്ത്രീകള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി വഴി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോംസ്റ്റേ, ഡ്രൈവര്‍, ടൂറിസം സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീസൗഹൃദ ടൂറിസം പദ്ധതികള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മൂന്നാറില്‍ ആഗോള വനിതാ ടൂറിസം ഉച്ചകോടി സംഘടിപ്പിച്ചു. ഇതിന്റ തുടര്‍പ്രവര്‍ത്തനങ്ങളും ആലോചനയിലാണെന്ന് മന്ത്രി പറഞ്ഞു.