ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് മുതർന്ന നേതാവ് മുകുൾ വാസ്നിക്കും. മുകുൾ വാസ്നിക് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. എഐസിസി പ്രവർത്തകസമിതിയംഗവും മുതിർന്ന നേതാവുമായ എ കെ ആന്റണി മുകുൾ വാസ്നികുമായി കൂടിക്കാഴ്ച നടത്തി. മുകുള്‍ വാസ്നിക് നാളെ പത്രിക സമർപ്പിച്ചേക്കും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി മുകുൾ വാസ്നിക് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
അശോക് ഗെലോട്ട് മത്സരിച്ചില്ലെങ്കിൽ മുകുൾ വാസ്നിക്കിന് നറുക്ക് വീഴുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് അശോക് ഗെലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ സംഭവവികാസങ്ങളിൽ ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പ് പറഞ്ഞുകൊണ്ടായിരുന്നു ഗെലോട്ടിന്റെ പിന്മാറ്റം. 2019ലെ പൊതു തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോഴും മുകുൾ വാസ്നിക്കിന്റെ പേര് ഉയർന്നു വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവായ വാസ്നിക് നരസിംഹറാവു സർക്കാരിൽ കായികം, യുവജനകാര്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്തും മന്ത്രിയായിരുന്നു. അടുത്ത മാസം 17ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവും എംപിയുമായ ശശി തരൂരും, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങുമാണ് നിലവിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാണ് ഇരു നേതാക്കളും പത്രിക സമർപ്പിക്കുന്നത്. ശശി തരൂരും, ദിഗ്വിജയ് സിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. എതിരാളികള്‍ തമ്മിലുള്ള പോരാട്ടമല്ല നടക്കാൻ പോകുന്നത്. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരമാണെന്ന് കൂടിക്കാഴ്ച്ചക്ക് പിന്നാലെ തരൂർ ട്വീറ്റ് ചെയ്തിരുന്നു.