ഇടുക്കി: സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച മുല്ലപ്പെരിയാർ, പുതിയ മേൽനോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദർശിക്കുന്നത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികൾക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥൻ, ദില്ലിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരും സംഘത്തിലുണ്ട്.
രാവിലെ ബോട്ട് മാർഗം അണക്കെട്ടിലേക്ക് പോകുന്ന സംഘം പരിശോധനകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കാലവർഷത്തിന് മുമ്പും കാലവർഷ സമയത്തും അണക്കെട്ടിൽ ആവശ്യമായ പരിശോധന നടത്തുക ഈ സംഘമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട് പണിതത്.
1886 ലാണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയറായിരുന്ന ജോൺ പെന്നിക്വിക്കാണ് അണക്കെട്ട് നിർമിച്ചത്. 1895 ഒക്ടോബർ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവർണർ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.
കനാൽ മാർഗം 125 കിലോ മീറ്റർ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിക്കുന്നത്. 50 വർഷം ആയുസ്സ് കണക്കാക്കി പണിത അണക്കെട്ട് 129 വർഷം പിന്നിട്ടതോടെ കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നമാണിപ്പോൾ.