ജാഗ്രതാ ന്യൂസ്
പൊളിറ്റിക്കൽ ഡെസ്ക്
പാലാ: മുംബൈയിലെ ചെക്കുകേസിന്റെ വിധി പുറത്തു വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പിയുമായി അടുക്കാനൊരുങ്ങി മാണി സി.കാപ്പൻ എം.എൽ.എ. കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം നിന്നാലും രക്ഷപെടാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് കാപ്പൻ എം.എൽ.എ സ്ഥാനം സംരക്ഷിക്കുന്നതിനായി ബി.ജെ.പിയുടെ അടുപ്പം കൂടാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോൺഗ്രസും – യു.ഡി.എഫിനും എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മാണി സി.കാപ്പൻ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ നേരിട്ട് എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും കാപ്പൻ പൂർണമായും വഴങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസം ചാനലിനു നൽകിയ അഭിമുഖത്തിലാണ് പാലായിലെയും സംസ്ഥാനത്തെയും കോൺഗ്രസിലും യുഡിഎഫിലും തനിക്ക് പിൻതുണ ലഭിക്കുന്നില്ലെന്ന് മാണി സി.കാപ്പൻ പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെ കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കെറെയിൽ വിരുദ്ധ സമര വേദിയിൽ നേരിട്ടെത്തി മാണി സി.കാപ്പൻ മഞ്ഞുരുക്കലിനു തുടക്കമിട്ടിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ മാണി സി.കാപ്പനും യു.ഡി.എഫിനും അത്ര ശുഭകരമല്ലെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈയിൽ മാണി സി.കാപ്പന് എതിരായ ചെക്ക് കേസ് നിലവിലുണ്ട്. ഈ കേസിലെ വിചാരണ അവസാന ഘട്ടത്തിലേയ്ക്കു കടന്നിട്ടുമുണ്ട്. ഇത്തരത്തിൽ അവസാന ഘട്ടത്തിലേയ്ക്കു കടന്ന കേസിൽ വൻ തിരിച്ചടിയുണ്ടാകുമെന്നാണ് മാണി സി.കാപ്പനും സംഘവും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം യു.ഡി.എഫ് മുന്നണി വിടുമെന്ന പ്രഖ്യാപനവുമായി മാണി സി.കാപ്പൻ ആദ്യം എത്തിയത്. എം.എൽ.എ സ്ഥാനത്തിന് എന്തെങ്കിലും ഭീഷണി ഉണ്ടായാൽ തന്നെ സംരക്ഷിക്കാൻ ഇടതു മുന്നണിയ്ക്കു മാത്രമേ സാധിക്കൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ആദ്യം മാണി സി.കാപ്പൻ എൻ.സി.പിയിലേയ്ക്കു മടങ്ങാൻ ശ്രമം നടത്തിയത്. എന്നാൽ, മന്ത്രി എ.കെ ശശീന്ദ്രൻ തന്നെ ഇത് വെട്ടുകയായിരുന്നു.
പിന്നാലെയാണ് യു.ഡി.എഫ് അപകടം മണത്ത് വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി മാണി സി.കാപ്പൻ ചർച്ച നടത്തിയത്. മുൻ കേന്ദ്രമന്ത്രികൂടിയായ ബി.ജെ.പി നേതാവാണ് ചർച്ചയ്ക്ക് ഇടനില നിന്നതെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ വീണ്ടും മാണി സി.കാപ്പന്റെ മുന്നണി മാറ്റ ചർച്ചകൾ സജീവമായിട്ടുണ്ട്. എന്നാൽ, താൻ മുന്നണി വിട്ടു പോകുന്നതിനെപ്പറ്റി ചർച്ച നടത്തിയിട്ടേയില്ലെന്നു മാണി സി.കാപ്പൻ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. കേസിന്റെ വിചാരണ നടക്കുന്നത് മാത്രമേ ഉള്ളൂ. യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.