മുംബൈയിൽ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി നാല് പേർ അറസ്റ്റില്‍

മുംബൈ: ചുവന്ന മണ്ണൂലി അഥവാ ഇരുതലമൂരിയെ (red sand boa) വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെ നാല് പേർ അറസ്റ്റില്‍. മന്ത്രവാദത്തിനും ഔഷധ ആവശ്യങ്ങള്‍ക്കുമായി ഇരുതലമൂരിയെ വില്‍ക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

Advertisements

മുംബൈയിലെ കഫെ പരേഡ് പ്രദേശത്ത് മേക്കർ ചേമ്ബേഴ്‌സിന് സമീപം ഇരുതലമൂരിയെ അനധികൃതമായി വില്‍പന നടത്തുന്നുവെന്ന് അസിസ്റ്റന്‍റ് പോലീസ് ഇൻസ്‌പെക്ടർ അമിത് ദിയോകർക്ക് വിവരം ലഭിച്ചു. എസ്‍ യു വി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ച് കിലോഗ്രാം ഭാരമുള്ള പാമ്പിനെ കണ്ടത്. 30 ലക്ഷം രൂപയ്ക്ക് വില്‍ക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. നരസിംഹ സത്യമ ധോതി (40), ശിവ മല്ലേഷ് അഡാപ് (18), രവി വസന്ത് ഭോയർ (54), അരവിന്ദ് ഗുപ്ത (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ധോതിയും അഡാപ്പും തെലങ്കാന സ്വദേശികളാണ്. ഭോയറും ഗുപ്തയും മുംബൈ സ്വദേശികളുമാണ്. നാല് പേർക്കെതിരെയും വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വനം വകുപ്പിന് കൈമാറിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വംശനാശ ഭീഷണി നേരിടുന്ന ഇരുതലമൂരികളെ അന്ധവിശ്വാസത്തിന്‍റെ മറവില്‍ അനധികൃതമായി വില്‍പ്പന നടത്തുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വീടുകളില്‍ ഇവയെ സൂക്ഷിച്ചാല്‍ ഐശ്വര്യം വരുമെന്നാണ് ചിലരുടെ വിശ്വാസം. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ നാലില്‍ പെടുന്ന ഇരുതലമൂരികളെ പിടികൂടുന്നതും വില്‍ക്കുന്നതും വാങ്ങുന്നതുമെല്ലാം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. വലിയ വിഷമില്ലാത്ത ഈയിനം പാമ്പ് ചുവന്ന മണ്ണുള്ള സ്ഥലങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. തലയും വാലും കാഴ്ചയില്‍ ഏതാണ്ട് ഒരുപോലെയാണ്. അപൂർവ്വമായി മാത്രമേ കടിക്കൂ എന്നതിനാല്‍ പിടികൂടാനും എളുപ്പമാണ്. ഇവയ്ക്ക് അത്ഭുത സിദ്ധിയുണ്ടെന്നും വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യമുണ്ടാകുമെന്നും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്നത്.

Hot Topics

Related Articles