മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വീഡിയോ പുറത്തുവിട്ട് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. സാമൂഹികമാധ്യമമായ എക്സിലാണ് ഇതുസംബന്ധിച്ച വീഡിയോ രോഹിത് പവാർ പങ്കുവെച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത് പവാർ, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമർശിച്ചു.
‘അജിത് പവാറിന്റെ നേതൃത്വത്തിലുളള എൻസിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയില്‍ പ്രതിദിനം എട്ടുകർഷകരാണ് ജീവനൊടുക്കുന്നത്. കൃഷി മന്ത്രിക്ക് പണിയൊന്നുമില്ലാത്തതിനാലാണ് മൊബൈലില്‍ റമ്മി കളിച്ച് സമയം ചിലവഴിക്കുന്നത്’, വീഡിയോ പങ്കുവെച്ച് രോഹിത് പവാർ കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് മണിക്റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.