തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി അറസ്റ്റില്‍. മുംബയ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ( എ ടി എസ് ) ആണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂന്തുറ സ്വദേശി അമീനാണ് പിടിയിലായത്. ഇയാളെ മുംബയിലേക്ക് കൊണ്ടുപോയി. പൂന്തുറ സ്വദേശിയാണെന്ന് പ്രതിയാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
ഇ-മെയില്‍ അയച്ച കമ്ബ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കടക്കം പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് ഇമെയില്‍ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം വന്നത്. ഭീഷണിക്ക് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് എ.ടി.എസ് അന്വേഷിക്കും. കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു എ.ടി.എസിന്റെ നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്ത മുന്നറിയിപ്പു നല്‍കും.’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. വിമാനത്താവളത്തിന്റെ സൗകര്യങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള ഫീഡ് ബാക്ക് ഐ ഡിയിലാണ് ഇ-മെയില്‍ അയച്ചത്. ഇ-മെയിലില്‍ സ്ഫോടനം എന്ന് വിഷയം രേഖപ്പെടുത്തിയിരുന്നു.
സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. കൂടാതെ ഇതിന് സമാന്തരമായി എ ടി എസ് സെെബര്‍ സെല്ലും അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഐ പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇമെയില്‍ അയച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഉടൻ തന്നെ എ ടി എസ് സംഘം കേരളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയോടെ മുംബയില്‍ എത്തിച്ച് സഹര്‍ പൊലീസിന് കെെമാറും. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.