മുംബൈ ഭീകരാക്രമണ സുത്രധാരൻ എൻ ഐ എ കസ്റ്റഡിയിൽ : തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു : റാണ കനേഡിയൻ പൗരൻ എന്ന് പാക്കിസ്ഥാൻ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയില്‍ വിട്ടു.ഇന്നലെയാണ് പാക് വംശജനായ തഹാവൂർ റാണയെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. രാത്രി പത്തരയോടെ പട്യാല ഹൗസ് കോടതിയില്‍ ഇയാളെ ഹാജരാക്കി. പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങാണ് തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്.

Advertisements

കോടതിയില്‍ നിന്നും തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്തേക്കാണ് കൊണ്ടുപോയത്. അഭിഭാഷകൻ പിയുഷ് സച്ച്‌ദേവയാണ് പാട്യാല ഹൗസ് കോടതിയില്‍ റാണയ്ക്കു വേണ്ടി ഹാജരായത്. ഡല്‍ഹി സംസ്ഥാന ലീഗല്‍ സർവീസസ് അതോറിറ്റിയാണ് റാണയ്ക്കായി അഭിഭാഷകനെ ഏർപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് തഹാവൂർ റാണ ഇന്ത്യയിലെത്തിയത്. അതേസമയം, റാണ പാകിസ്ഥാൻകാരനല്ലെന്നും കാനേഡിയൻ പൗരനാണെന്നും പാകിസ്ഥാൻ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇവിടേക്കു കൊണ്ടുവരുന്നതിനുള്ള നിയമതടസ്സങ്ങള്‍ പൂർണമായി നീങ്ങിയത്. നാടുകടത്തലുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ഫെബ്രുവരി മുതല്‍ യുഎസിലുണ്ടായിരുന്ന എൻഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്, ഇന്നലെ വൈകിട്ട് ആറരയോടെ റാണയെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ വച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയും രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രത്യേക എൻഐഎ കോടതിയില്‍ ഹാജരാക്കിയത്.

കനേഡിയൻ വ്യവസായിയായ റാണ ഭീകരബന്ധക്കേസില്‍ അറസ്റ്റിലായതിനെ തുടർന്ന് 2009 മുതല്‍ യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. യുഎസ് കോടതിയില്‍ എൻഐഎക്കു വേണ്ടി ഹാജരായ അഡ്വ. ദായൻ കൃഷ്ണൻ ആയിരിക്കും ഇന്ത്യയിലെ വിചാരണയില്‍ എൻഐഎ പ്രോസിക്യൂഷൻ സംഘത്തെ നയിക്കുക. അഡ്വ. നരേന്ദർ മാനിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും ആഭ്യന്തര മന്ത്രാലയം നിയമിച്ചിട്ടുണ്ട്.

പട്യാല ഹൗസ് കോടതിയില്‍ രഹസ്യവിചാരണ നടക്കാനാണ് സാധ്യത. അഭിഭാഷകർ ഇരുവരും ഇന്നലെ വൈകിട്ട് കോടതിയിലെത്തിയിരുന്നു. കേസിന്റെ രേഖകളും ഇവിടെ എത്തിച്ചിട്ടുണ്ട്. കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണു റാണയെന്ന് എൻഐഎ അറിയിച്ചു. റാണയെ എത്തിച്ചതുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയിലാണ് ഡല്‍ഹി.

കടല്‍ വഴി ബോട്ടിലെത്തിയ 10 ലഷ്കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയില്‍വേ സ്റ്റേഷൻ, താജ്-ഒബ്റോയ് ഹോട്ടലുകള്‍, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.

Hot Topics

Related Articles