മുംബയ്: അമ്പതുകാരിയായ മുംബയ് സ്വദേശിയിൽ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്സ് ഇ വകഭേദമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. രോഗിയുടെ സാമ്ബിളുകളിൽ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. നേരത്തെ യുവതിക്ക് ബാധിച്ചത് ബിഎ.2 വകഭേദത്തെക്കാൾ പത്ത് ശതമാനം കൂടുതൽ വേഗത്തിൽ പകരാൻ സാദ്ധ്യതയുള്ള എക്സ് ഇ വകഭേദമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 376 സാംപിളുകൾ പരിശോധിച്ചതിൽ ഒരാൾക്കാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് ഈ വകഭേദത്തിന്റെ ആദ്യകേസ് റിപ്പോർട്ട് ചെയ്തത്.
പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു. മറ്റ് രോഗങ്ങളും ഇവർക്ക് ഇല്ലാത്തതിനാൽ ആരോഗ്യകാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ ഇവരിൽ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് മാർച്ച് രണ്ടാം തീയതി നടത്തിയ ടെസ്റ്റിൽ ഇവർ പൊസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ പ്രകടമായിരുന്നില്ല. തുടർന്ന് 24 മണിക്കൂറിന് ശേഷം പിറ്റേന്ന് വീണ്ടും നടത്തിയ ടെസ്റ്റിൽ ഇവർ നെഗറ്റീവ് ആകുകയായിരുന്നു.
കൊവിഡിന്റെ ബിഎ.2 വകഭേദമായിരുന്നു ഇതിനു മുമ്ബ് ഏറ്റവും വേഗത്തിൽ പടർന്നുപിടിച്ചിരുന്നത്. എന്നാൽ ബിഎ.2 വകഭേദത്തെക്കാൾ പത്ത് ശതമാനം കൂടുതൽ വേഗത്തിൽ പകരാൻ സാദ്ധ്യതയുള്ളതാണ് പുതിയ എക്സ് ഇ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ. നിലവിൽ നടക്കുന്ന പഠനങ്ങളിൽ ഇക്കാര്യങ്ങൾ തെളിഞ്ഞാൽ ഏറ്റവും വേഗത്തിൽ പടരുന്ന കൊവിഡ് വകഭേദമായിരിക്കും എക്സ് ഇ.