കോട്ടയം: മന്‍ കി ബാത്തില്‍ മുപ്പത്തടം നാരായണനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഇതിനോടകം ലക്ഷക്കണക്കിന് മണ്‍പാത്രങ്ങളാണ് പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി എറണാകുളം മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണന്‍ വിതരണം ചെയ്തത്. ഭൂമിക്ക് തണലൊരുക്കിയും പക്ഷികള്‍ക്ക് ദാഹമകറ്റാന്‍ തണ്ണീര്‍ക്കുടങ്ങളൊരുക്കിയും തന്റെ കര്‍മ്മ മണ്ഡലത്തില്‍ സജീവമായ ഗാന്ധിയന്‍ കൂടിയായ നാരായണന് പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചതോടെ മുപ്പത്തടം എന്ന ചെറിയ ഗ്രാമംകൂടി രാജ്യശ്രദ്ധയാകര്‍ഷിച്ചു.
8 വര്‍ഷത്തിലധികമായി ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ പക്ഷികളുടെദാഹമകറ്റുന്നു ഈ മുപ്പത്തടം സ്വദേശി. പതിനായിരക്കണക്കിന് ചെറിയമണ്‍പാത്രങ്ങള്‍ വീടുകളിലേക്ക് സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. മണ്‍പാത്രങ്ങള്‍ക്കായി ആര്‍ക്കും വരാം സൗജന്യമായി തന്നെ നല്‍കും പക്ഷെ പക്ഷിമൃഗാദികള്‍ക്ക് ദാഹജലം കൊടുക്കാന്‍ വേണ്ടി ആകണമെന്ന് മാത്രം. ഇവിടെ മാത്രമല്ല വാര്‍ധാ സേവാഗ്രാമിലും നാരായണന്റെ മണ്‍പാത്രങ്ങള്‍ ലഭ്യമാണ്. ഗാന്ധിമരം പദ്ധതിയിലൂടെ പതിനായിരത്തോളം വൃക്ഷത്തൈകളും പൂച്ചെടികളും വിതരണം ചെയ്ത ശ്രീമന്‍ നാരായണന് ഇതിനോടകം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.