തിരുവനന്തപുരം: മീനാക്ഷിപുരം കവര്‍ച്ച കേസില്‍ അര്‍ജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമ്മര്‍പ്പിക്കാത്തതിനാലാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചത്. ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷനെ ഹെെക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് ഗുരുതമായ കുറ്റകൃത്യമാണ്. കൂടാതെ പ്രതിയുടെ പൂര്‍വകാല ചരിത്രവും വളരെ മോശമാണ്. അര്‍ഹതയില്ലാഞ്ഞിട്ടും പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യം നല്‍കാൻ നിര്‍ബന്ധിതമായെന്നും കോടതി വിമര്‍ശിച്ചു.
പാലക്കാട് മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വര്‍ണവും പണവും ഫോണും കവര്‍ന്നെന്നാണ് കേസ്. അര്‍ജുൻ ആയങ്കി കേസിലെ 14-ാം പ്രതിയാണ്. 125 ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്നാണ് ജാമ്യ ഹര്‍ജിയുമായി ഹെെക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാൻ വെെകുന്ന സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ പ്രോസിക്യൂഷൻ എതിര്‍ത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുൻ ആയങ്കി. ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങി തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച കോടതി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് ജാമ്യം നല്‍കുകയായിരുന്നു.