കൊല്ലം: യുവതികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞത് യുവതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്നും. തൊടിയൂർ ഇടക്കുളങ്ങര കോതേരിൽ വെള്ളാമ്പൽ വീട്ടിൽ അമ്പാടി (27)യെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയ വവ്വാക്കാവ് ഭഗവതി മുക്ക് സ്വദേശിയായ സൈനികൻ സന്ദീപ് അയച്ച ദൃശ്യങ്ങളാണ് യുവതികളുടെ ഫോണിൽ നിന്നും കണ്ടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഏഴു പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; അക്രമത്തിനിരയായ അമ്പാടി സഹപാഠികളായിരുന്ന മൈനാഗപ്പള്ളി സ്വദേശികളായ യുവതികളോട് അപമര്യാദയായി പെരുമാറി. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് ഇക്കാര്യം യുവതികൾ സ്ക്കൂളിലും കോളേജിലും ഒപ്പം പഠിച്ച സൈനികനായ സന്ദീപിനോട് ഇക്കാര്യം പറഞ്ഞു. സന്ദീപും യുവതികളും തമ്മിൽ വളരെ അടുത്ത ബന്ധമുള്ളവരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാരണത്താൽ പ്രകോപിതനായ സന്ദീപ് അമ്പാടിയെ കൊന്നു കളയുമെന്ന് യുവതികളോട് പറഞ്ഞു. തുടർന്ന് ഇയാൾ സുഹൃത്തായ തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു (25)വിനോട് ഇക്കാര്യം പറയുകയും അമ്പാടിയെ വകവരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനായി വിഷ്ണുവിന്റെ മുടങ്ങിക്കിടക്കുന്ന വീടു പണി പൂർത്തിയാക്കാൻ പണവും വാഗ്ദാനം ചെയ്തു. കൂടാതെ മിലിട്ടറി കോട്ടയിൽ കിട്ടിയ മദ്യവും ഓഫർ ചെയ്തു. തുടർന്ന് കഷണ്ടി ഫൈസൽ എന്ന മുഹമ്മദ് ഫൈസലു(25)മായി ചേർന്ന് ക്വട്ടേഷൻ ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 23 ന് ഉച്ചയ്ക്ക് ഇടക്കുളങ്ങരയിലെത്തിയ സംഘം അമ്ബാടിയുടെ വീടിന് സമീപം നിലയുറപ്പിച്ചു. രണ്ടു തവണ വീട്ടിൽ അന്വേഷിച്ചു ചെന്നെങ്കിലും അമ്പാടിയ അവിടെയുണ്ടായിരുന്നില്ല. പിന്നീട് 3 മണിയോടെ വീട്ടിലെത്തിയ അമ്പാടി മുൻ വശത്തിരിക്കുമ്പോൾ അക്രമി സംഘത്തിലൊരാൾ മുറ്റത്തേക്ക് വിളിച്ചു വരുത്തുകയും പല സ്ഥലങ്ങളിലായി പതുങ്ങി നിന്ന മറ്റുള്ളവർ വടിവാളും കത്തിയുമായി ചാടി വീണ് ആക്രമിക്കുകയായിരുന്നു.
നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപെട്ടു. ഈ സമയം അമ്ബാടിയുടെ തലയിലും കൈയിലും വെട്ടേറ്റു. ആശുപത്രിയിൽ ചികിത്സ തേടയി ശേഷം പൊലീസിൽ പരാതിപ്പെട്ടു. ആദ്യം മൊഴിയെടുത്തപ്പോൾ എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ലെന്നാണ് അമ്പാടി പറഞ്ഞത്. പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ കുറച്ചു ദിവസം മുൻപ് ബന്ധുവായ യുവതികളുമായി ചെറിയ പ്രശ്നമുണ്ടായതായി പറഞ്ഞു. ഇതോടെ യുവതികളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ യുവതികൾ ഒന്നും പറഞ്ഞില്ല. പൊലീസ് യുവതികളുടെ ഫോൺ പരിശോധിച്ചപ്പോൾ അമ്ബാടിയെ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ വെട്ടിലായ യുവതികൾ സന്ദീപ് അയച്ചു തന്ന വീഡിയോ ദൃശ്യങ്ങളാണെന്ന് തുറന്നു പറഞ്ഞു. അങ്ങനെയാണ് സൈനികൻ യുവതികൾക്ക് വേണ്ടി ചെയ്ത ക്വട്ടേഷനായിരുന്നു എന്ന വിവരം പുറത്തറിയുന്നത്.
ക്വട്ടേഷൻ സംഘം അമ്പാടിയെ അക്രമിക്കുന്ന രംഗങ്ങൾ മൊബൈലിൽ പകർത്തി അയക്കണമെന്ന് സൈനികനായ സന്ദീപ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലൊരാൾ ദൃശ്യങ്ങൾ പകർത്തുകയും സന്ദീപിന് അയച്ചു കൊടിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ യുവതികൾക്ക് അയച്ചു കൊടുത്ത് സന്ദീപ് തന്റെ സ്നേഹത്തിന്റെ ആഴം എത്രയുണ്ടെന്ന് കാണിച്ചു കൊടുത്തു. ഈ ദൃശ്യങ്ങൾ പൊലീസിന്റെ പക്കൽ ലഭിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.
വിഷ്ണുവിനും ഫൈസലിനും ഒപ്പം വവ്വാക്കാവ് സ്വദേശികളായ ഫാത്തിമാ മൻസിലിൽ അലി ഉമ്മർ (20), അംബിയിൽ പുത്തൻവീട്ടിൽ നബീൽ (20), ലക്ഷ്മീ ഭവനിൽ ഗോകുൽ (20), തെങ്ങണത്ത് വീട്ടിൽ ചന്തു (19), മുണ്ടപ്പള്ളി കിഴക്കതിൽ മണി (19) എന്നവരും പൊലീസിന്റെ പിടിയിലായി. വിഷ്ണുവും ഫൈസലും കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്.
2021 മാർച്ച് 4 ന് തഴവാ സ്വദേശിയായ മനോജിനെ വെട്ടിക്കൊലപപ്പെടുത്താൻ ശ്രമിച്ച കേസിലും 2020 മാർച്ച് 7 ന് കരുനാഗപ്പള്ളിയിലെ ബാർ ജീവനക്കാരനായ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2018 ഓഗസ്റ്റ് 31 ന് മൈനാഗപ്പള്ളി കല്ലുകടവ് സ്വദേശിയായ സുഭാഷിനെ കൊലപ്പെടുത്തി കവർച്ച നടത്താൻ ശ്രമിച്ച കേസിലും 2019 മാർച്ച് 8 ന് ആലും പീടിക സ്വദേശി അപിസലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2017 ജൂൺ 21 ന് തഴവാ സ്വദേശി അജയഘോഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചതുമടക്കം നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണിവർ. സൈനികൻ സന്ദീപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ്ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എഎസ്ഐമാരായ ഷാജിമോൻ, നൗഷാദ്, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് കരുനാഗപ്പള്ളി, കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയത്.