പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. രണ്ടാനച്ഛൻ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) കേസിൽ വിധി പ്രഖ്യാപിച്ചത്. നേരത്തെ, കേസിൽ അലക്‌സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാർ ജോൺ കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ, പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2021 ഏപ്രിൽ അഞ്ചിന് കുമ്ബഴയിലെ വാടകവീട്ടിൽ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. കത്തിവെച്ച് മുറിവേൽപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ അന്നത്തെ എസ്.എച്ച്.ഒ. ബിനീഷ് ലാൽ ആണ് കേസ് അന്വേഷിച്ച് 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. നവീൻ എം.ഈശോ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഹാജരായി. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേൽപ്പിച്ച സംഭവവും ഉണ്ടായി. കേസിൽ ആകെ 41 സാക്ഷികൾ മൊഴി നൽകി.
രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. പരിക്കേറ്റ കുട്ടി ഏതാനും നാൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടുത്തെ ഡോക്ടർ ഉൾപ്പെടെ കേസിൽ സാക്ഷിയായി.