ജാഗ്രതാ ന്യൂസ്
സ്പെഷ്യൽ സ്റ്റോറി
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യുവതി കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്നു സൂചന. കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവതി നീതു ആർ.രാജ് (കല്യാണി – 33) വ്യാജ ഡെന്റൽ ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളേജിലെ ഡെന്റൽ കോളേജിൽ കറങ്ങി നടന്ന നീതുവിനെ ആശുപത്രി അധികൃതർ കയ്യോടെ പിടികൂടിയിരുന്നതായി പറയുന്നു. എന്നാൽ, അന്ന് പൊലീസ് കേസെടുക്കാതെ നീതുവിനെ താക്കീത് ചെയ്ത് വിടുകയായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർ.എം.ഒ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു മാസം മുൻപാണ് മെഡിക്കൽ കോളേജ് ഡെന്റൽ കോളേജിൽ നിന്ന് ഇവരെ പിടികൂടിയത്. അതിനു ശേഷവും പല തവണ ഇവർ ആശുപത്രിയിൽ എത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് വ്യാഴാഴ്ച നടന്ന സംഭവങ്ങൾ. ആശുപത്രിയിൽ ആർക്കും കയറി വ്യാജഡോക്ടറായി വിലസി നടക്കാമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന കാര്യങ്ങൾ നൽകുന്ന സൂചന. വ്യാജ ഡോക്ടറായി രോഗികളെ പരിശോധിക്കാൻ മെഡിക്കൽ കോളേജ് പോലെ ഒരു ആശുപത്രിയിൽ യുവതി എത്തിയിട്ടും, എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ല എന്ന ചോദ്യത്തിന് ആശുപത്രി അധികൃതർക്ക് ഉത്തരമില്ല.
ഒരു പക്ഷേ, അന്ന് പൊലീസിൽ അറിയിക്കുകയും കർശന നടപടി നീതുവിന് എതിരെ എടുക്കുകയും ചെയ്തിരുന്നെങ്കിൽ ഇപ്പോഴുണ്ടായ സംഭവങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചേനെ. എന്നാൽ, ആശുപത്രിയ്്ക്കുള്ളിൽ നീതു കയറിയിറങ്ങുന്നത് തടയാൻ സാധിച്ചില്ലെന്നു മാത്രമല്ല, കുട്ടികളും വീട്ടമ്മമാരും മാത്രമുള്ള ഗൈനക്കോളജി വാർഡിൽ കയറി നീതു ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതു വരെ കാര്യങ്ങൾ എത്തി. എന്നിട്ടു പോലും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും, മന്ത്രിയും പറയുന്നത് ആശുപത്രിയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടേയില്ലെന്നതാണ്.
ആശുപത്രിയിൽ എത്തിയ വ്യാജ ഡോക്ടറെ താക്കീത് ചെയ്തു വിട്ടു എന്നതും, വീണ്ടും പല തവണ ഇവർ ഇവിടെ കറങ്ങി നടന്നു എന്നതും വിരൽ ചൂണ്ടുന്നത് ആശുപത്രിയിൽ നിന്നുതന്നെയുള്ള ആഭ്യന്തര സഹായം നീതുവിന് ലഭിച്ചിട്ടുണ്ടെന്നാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിൽ സഹായിച്ചില്ലെങ്കിൽ പോലും ആശുപത്രിയെ തന്റെ തട്ടിപ്പുകൾക്കു താവളമാക്കുന്നതിനു നീതുവിന് സഹായം ലഭിച്ചതായാണ് ഇവരെ ആദ്യം രക്ഷിച്ചു വിട്ടതിൽ നിന്നു തന്നെ ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ നീതുവിന്റെ ഇടപാടുകളും, ഫോൺ കോൾ വിശദാംശങ്ങളും പരിശോധിച്ചാൽ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ഇവർക്കുള്ള ബന്ധം വ്യക്തമാകും.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീതുവിനെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.