ദില്ലി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ലോകത്തെ ടെക് ഭീമന് ഇലോണ്‍ മസ്ക്. സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരം കൂടിയാണ് ഗുകേഷ്.
ഇലോണ്‍ മസ്കിന്റെ സന്ദേശം എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഈയാഴ്ച ആദ്യം സിംഗപ്പൂരിൽ നടന്ന മത്സരത്തില്‍ ഫൈനലില്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ചരിത്രം രചിച്ചത്. ഇന്ത്യയില്‍ നിന്ന് അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് കൂടിയാണ് ഗുകേഷ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമനിലയാകുമെന്ന് ഉറപ്പായ മത്സരത്തിൽ അതിശയകരമായ നോക്കൗട്ട് പഞ്ച് ഇറക്കിയാണ് ലോക ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഗുകേഷ് മാറിയത്. അഞ്ച് തവണ വിശ്വവിജയി ആയ വിശ്വനാഥൻ ആനന്ദിന്റെ പിന്മുറക്കാരൻ ഗുകേഷിന്റെ ബാല്യകാല സ്വപ്നം കൂടിയാണ് അതിവേഗം സാക്ഷാത്കാരത്തിൽ എത്തിയിരിക്കുന്നത്. 1985-ൽ അനറ്റോലി കാർപോവിനെ മറികടന്ന് 22-ാം വയസിൽ കിരീടം നേടിയ റഷ്യയുടെ ഗാരി കാസ്പറോവിൻ്റെ റെക്കോർഡാണ് ഇന്ന് ഗുകേഷ് മറികടന്നത്.
വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദിന്റെ നാടായ ചെന്നൈയില്‍ നിന്ന് തന്നെയാണ് ഗുകേഷിന്റെയും വരവ്. അതേ സമയം മത്സരത്തിനു ശേഷം ഗുകേഷ് ഇന്ന് ചെന്നൈയിലെത്തുമെന്നും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരണമൊരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.