തിരുവനന്തപുരം : മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും ലീഗിനെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാടെടുത്തു എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.ആർ.എസ്.പിയും ശരിയായ നിലപാടെടുത്തു. യു.ഡി.എഫിൽ കോൺഗ്രസ് ഒറ്റപ്പെട്ടു. ഇതോടെ നിയമസഭയിൽ യു.ഡി.എഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടിവന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പാൾ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും വർഗീയതയ്‌ക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു, എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐയും പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു . പോപ്പുലർ ഫ്രണ്ടിനെ പോലെ വർഗീയ പാർട്ടിയല്ലെങ്കിലും എതിർചേരിയിലെ ഘടകകക്ഷിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയത് ആവശ്യമില്ലെന്ന് സി.പി.ഐ വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ യു.ഡി.എഫിലെ അസംതൃപ്തർ എൽ.ഡി.എഫിലേക്ക് വരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീമായാണ് പ്രവർത്തിച്ച് വരുന്നത്. കോൺഗ്രസിനകത്ത് മതനിരപേക്ഷ ചിന്താഗതിയുള്ളവർ തൃപ്തരല്ല. ബിജെപി ആഗ്രഹിക്കുന്ന തരത്തിലെ മുദ്രാവാക്യങ്ങൾക്ക് പിന്നാലെ സിന്ദാബാദ് മുഴക്കി പോകുന്നവരായി സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും മാറി. ഇതിൽ അസംതൃപ്തരായ പലരും ഭാവിയിൽ ഇടതു പക്ഷ രാഷ്ട്രീയത്തോടടുക്കുന്നത് സ്വാഭാവികമാണെന്നും റിയാസ് പറഞ്ഞു