കോഴിക്കോട് : മുട്ടില്‍ മരംമുറിക്കേസിലെ കുറ്റവാളികള്‍ എത്ര പ്രഗത്ഭരാണെങ്കിലും രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ കെ.ശശീന്ദ്രൻ. ഈട്ടി അടക്കമുള്ള രാജകീയ മരങ്ങള്‍ മുറിച്ചതില്‍ അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരംമുറിച്ചത് പട്ടയഭൂമിയില്‍നിന്നുതന്നെയാണ്. വനഭൂമിയില്‍നിന്നാണ് മരം മുറിച്ചതെന്ന് വരുത്തിത്തീര്‍ക്കാൻ നേരത്തെ ബോധപൂര്‍വമായ ശ്രമം നടന്നിരുന്നു.
പ്രതികള്‍ കോടതിയില്‍നിന്നും നിയമ നടപടികളില്‍നിന്നും രക്ഷപ്പെടാന്‍ പല പഴുതും കണ്ടെത്തി അവതരിപ്പിക്കുന്നത് സ്വാഭാവികമാണ്. സര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മരം മുറിച്ചതെന്ന് റവന്യൂമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ മാത്രം കേസന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും മാത്രമായിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് കേവലം 500 രൂപ പിഴയും ആറുമാസം തടവും മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഗൂഢാലോചന, പണ തട്ടിപ്പ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയെല്ലാം പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ കടുത്തശിക്ഷ നല്‍കാനാവൂ. ഇതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് എന്നും മന്ത്രി പറഞ്ഞു.