തിരുവനന്തപുരം : വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയുടെ അശ്ലീല വീഡിയോ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മോർഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിണറായിയെ അടക്കം വെച്ച് ചിത്രം മോർഫ് ചെയ്യേണ്ട പ്രശ്നമെന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, തനിക്കെതിരായി വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിക്കപ്പെട്ടത് എന്നായിരുന്നു കെ.കെ. ശൈലജയുടെ വിശദീകരണം. ശൈലജ ടീച്ചർക്ക് എതിരായി മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ തെറ്റായ നിരവധി കാര്യങ്ങള്‍ അവിടുത്തെ സ്ഥാനാർഥിയും വി.ഡി. സതീശനും ഉള്‍പ്പെടെയെല്ലാം അറിഞ്ഞുകൊണ്ടുതന്നെ പ്ലാൻ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.
പോണ് വീഡിയോ ഇല്ലെന്ന് ടീച്ചറല്ലല്ലോ പറയേണ്ടത്, ഞങ്ങളെല്ലാവരും പറയണ്ടേ. ടീച്ചർ പറയേണ്ടതില്ല, ഞങ്ങള്‍ക്കെല്ലാവർക്കും അറിയുന്നതല്ലേ? രാജ്യത്തെ ജനങ്ങള്‍ കണ്ടതല്ലേ? സാങ്കേതിക പദം ഉപയോഗിച്ച് അതില്‍ പിടിച്ചുനില്‍ക്കാനാണ് ഷാഫി പറമ്പിൽ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.അവിടെ നടന്ന സൈബർ ആക്രമണം മുഴുവൻ നിലവിലുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി കൂടെ അറിഞ്ഞുകൊണ്ടാണ്. അതിന്റെ ഗുണഭോക്താവ് ആരാണ്? തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അശ്ലീലത്തെ ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിപക്ഷനേതാവും സ്ഥാനാർഥിയുമാണ് വി.ഡി. സതീശനും ഷാഫി പറമ്ബിലുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ തങ്ങളത് തെളിയിക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.