കോട്ടയം: കാസർകോട് നിന്നും വീടിനു സമീപത്തേയ്ക്ക് സ്ഥലം മാറ്റം ലഭിക്കാൻ മാസങ്ങളായി ഓഫിസുകളിൽ കയറിയിറങ്ങി നടന്ന എ.എം.വി.ഐ ഒടുവിൽ ലോകത്തോട് വിടപറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ കാസർകോട് ജില്ലയിലെ എ.എം.വി.ഐ ആയ മാവേലിക്കര ഓലകെട്ടിയമ്പലം പുല്ലാരിമംഗലം ഡീസന്റ് മുക്കിൽ അരവിന്ദാണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. രണ്ടു വർഷം മുൻപാണ് ഇദ്ദേഹത്തിന് കാസർകോടിന് സ്ഥലം മാറ്റം ലഭിച്ചത്. തിരികെ വീടിനു സമീപ പ്രദേശത്തേയ്ക്ക് ട്രാൻസ്ഫർ ലഭിക്കാതെ വന്നതോടെ ആറു മാസമായി അവധിയെടുത്ത് ഓഫിസുകളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഇദ്ദേഹം. ട്രാൻസ്ഫർ ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇത് കൂടാതെ ശാരീരിക അസ്വസ്ഥതകളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇതാണ് മരണ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടു വർഷം മുൻപാണ് ഇദ്ദേഹം കാസർകോട് ജില്ലയിൽ എ.എം.വി.ഐ ആയി ജോലിയിൽ പ്രവേശിക്കുന്നത്. ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. മക്കൾ ഇല്ല. ഭാര്യയ്ക്ക് ജോലിയുള്ളതിനാൽ മാവേലിക്കരയിൽ നിന്നും കാസർകോടേയ്ക്കു കുടുംബത്തോടെ മാറി താമസിക്കാനും സാധിച്ചിരുന്നില്ല. ട്രാൻസ്ഫർ തിരികെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം കാസർകോട് ജോയിൻ ചെയ്തിരുന്നത്. എന്നാൽ, ഇടയ്ക്ക് ഇറങ്ങിയ ട്രാൻസ്ഫർ ലിസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചു. ഈ ലിസ്റ്റിൽ കോട്ടയത്തേയ്ക്ക് ഇദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിരുന്നു. ഈ ലിസ്റ്റ് മരവിക്കപ്പെട്ടതോടെ ഇദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷമാണ് ഇദ്ദേഹം ആറു മാസത്തോളം അവധിയെടുത്ത് മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫിസുകളിൽ കയറിയിറങ്ങി നടന്നത്. എന്നാൽ, ഇതുവരെയും ഇദ്ദേഹത്തിന്റെ കാര്യത്തിൽ അനൂകൂല നടപടിയുണ്ടായില്ല. ഭാര്യ തനിച്ച് വീട്ടിൽ ആയത് ഇദ്ദേഹത്തിന് കടുത്ത സമ്മർദം അനുഭവപ്പെടുന്നുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇപ്പോൽ ഇദ്ദേഹത്തിന് ഹൃദയാഘാതത്തിന് കാരണമായതും ഈ മാനസിക സമ്മർദമാണ് എന്നും പറയപ്പെടുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷവും ഉണ്ടായിട്ടുണ്ട്. രണ്ട് വർഷമായി സ്ഥലം മാറ്റം ലഭിക്കാത്തത് ഉദ്യോഗസ്ഥരെ തെല്ലൊന്നുമല്ല മാനസികമായി ബുദ്ധിമുട്ടിലാക്കുന്നത്.