കാസർകോട്: കീശയില്‍നിന്ന് രസീത് ബുക്ക് ഒഴിയുമ്ബോള്‍ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരന്തരം പാർട്ടി പിരിവെന്ന ഒരു സഖാവിന്റെ പരാതിക്കാണ് താൻ ഇങ്ങനെ മറുപടി നല്‍കിയതെന്നും അമ്ബലത്തറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവേ എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ജനങ്ങള്‍ക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമാണത്തിനായി ഒക്ടോബർ 5,6 തീയതികളില്‍ ബക്കറ്റ് പിരിവു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കീശയില്‍നിന്നു രസീത് ബുക്ക് ഒഴിയുന്ന നേരമില്ലെന്നാണ് ഒരു സഖാവ് പരാതി പറഞ്ഞത്. എപ്പോഴാണോ കീശയില്‍നിന്ന് രസീത് ബുക്ക് ഒഴിയുന്നത് അപ്പോള്‍ ഈ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്നാണു ഞാൻ മറുപടി നല്‍കിയത്. കാരണം, ഇതു ജനങ്ങള്‍ക്കു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമർശനമെന്നാണു മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഞങ്ങള്‍ സമ്മേളനം നടത്തുന്നതു തന്നെ വിമർശിക്കാനാണ്. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുതലിങ്ങോട്ടുള്ളവരെയെല്ലാം വിമർശിക്കും. തൃശൂരില്‍ 2019ല്‍ കിട്ടിയതിനെക്കാള്‍ 86,000 വോട്ടുകള്‍ യുഡിഎഫിന്റേതു ചോർന്നിട്ടാണ് 74,000 വോട്ടിന് ബിജെപി ജയിച്ചത്. എന്നിട്ട് ആടിനെ പട്ടിയാക്കുന്ന തിയറിയുമായി സിപിഎമ്മിനെതിരെ ഇറങ്ങുകയാണ്.
ചാനല്‍ ചർച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കണമോ എന്ന കാര്യത്തിലും പാർട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ചർച്ചകളിലെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ഇപ്പോള്‍ തന്നെ ചില അവതാരകരുടെ ചർച്ചകളില്‍ പാർട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. ഈ രീതി തുടർന്നാല്‍ ചർച്ചകളിലേക്കു പ്രതിനിധിയെ അയയ്ക്കണോ എന്നു ഗൗരവമായി ആലോചിക്കും. അഴിമതി അറിയിക്കാൻ പി.വി.അൻവർ എംഎല്‍എ ഫോണ്‍ നമ്ബർ നല്കിയ നടപടിയില്‍ കുഴപ്പമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.