കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ വരെ ഓട്ടം പോകുന്നതിന് 40 രൂപ കൂലി ചോദിച്ച ഓട്ടോ ഡ്രൈവറോട് മിനിമം കൂലി നൽകാമെന്നറിയിച്ച യാത്രക്കാരന് നേരെ അസഭ്യ വർഷവും മർദന ശ്രമവും. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുടെ അഴിഞ്ഞാട്ടത്തിന്റെ വീഡിയോയാണ് ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടത്. സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം എത്തിയ യാത്രക്കാരന് നേരെയാണ് പട്ടാപ്പകൽ ഇയാൾ അസഭ്യം വിളിയുമായി പാഞ്ഞടുക്കുന്നത്. സംഭവത്തിൽ ഈ ഓട്ടോ ഡ്രൈവർക്ക് എതിരെ ബസ് സ്റ്റാൻഡിലെ മറ്റ് ഓട്ടോ ഡ്രൈവർമാർ പരാതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു സംഭവം. നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിലെ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരൻ ഓട്ടോ ഡ്രൈവറോട് റെയിൽവേ സ്റ്റേഷൻ വരെ ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടു. നാഗമ്പടത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ വരെ പോകുന്നതിനായി ഓട്ടോ ഡ്രൈവർ 40 രൂപയാണ് കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ, ഇത് നൽകാനാവില്ലെന്നും 30 രൂപ മിനിമം കൂലി മാത്രമേ നൽകൂ എന്നും യാത്രക്കാരൻ പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവർ അസഭ്യ വർഷവുമായി രംഗത്ത് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് യാത്രക്കാരന് നേരെ അസഭ്യം വിളിച്ചു കൊണ്ട് പാഞ്ഞടുത്തു. സമീപത്തു നിന്ന മറ്റുള്ള യാത്രക്കാർ ഈ വീഡിയോ പകർത്തുകയും ചെയ്തു. ഇതു പോലും വകവയ്ക്കാതെയായിരുന്നു ഓട്ടോ ഡ്രൈവറുടെ അസഭ്യം വിളി. കോട്ടയം സംക്രാന്തി മാമ്മൂട് സ്വദേശിയാണ് ഈ ഓട്ടോ ഡ്രൈവർ. ഇയാൾക്ക് എതിരെ മുൻപും സമാന രീതിയിലുള്ള പരാതി ഉയർന്നിരുന്നതായി സഹ ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഈ ഓട്ടോ ഡ്രൈവർ യാത്രക്കാരോട് മോശമായി പെരുമാറുന്നതായി ആരോപിച്ച് സ്റ്റാൻഡിലെ മറ്റ് ഓട്ടോ ഡ്രൈവർമാർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.