കോട്ടയം: കോട്ടയം നഗരസഭ വൈസ് ചെയർമാന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി വനിത കൗൺസിലർമാർ. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വ നിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ഫണ്ട് പ്രയോജനപ്പെടുത്തി വനിതകൾക്കായി ഷെൽട്ടർ നിർമ്മിക്കണമെന്ന ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.
ഇതിനിടയിൽ നാഗമ്പടത്തെ ഷീ ലോഡ്ജ് പോലും ശരിയായി പ്രവർത്തിക്കുന്നിലെന്നും ഇത് നിലവിൽ വേശ്യാലയമാണെന്നുമുള്ള വൈസ് ചെയർമാന്റെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതിനെതിരെ പ്രതിപക്ഷ വനിത കൗൺസിലർമാർ രംഗത്തെത്തി. വൈസ് ചെയർമാൻ പരാമർശം പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് കൗൺസിൽ അംഗങ്ങൾ ചെയർപേഴ്‌സനെ ഘരാവോ ചെയ്തതോടെ കൗൺസിൽ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ ഹാളിന് പുറത്തേക്ക് പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയിൽ നഗരസഭയിലെ വികസനപ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നത് ചെയർപേഴ്‌സനാണെന്നും പ്രതിപക്ഷം ആരോപിച്ചു. അദ്ധ്യക്ഷയുടെ പിടിപ്പുകേട് മൂലം നിരവധി ഫണ്ട്കളാണ് ലാപ്‌സാകുന്നത്. അഴിമതിയും ആഡംബരവുമാണ് ചെയർപേഴ്‌സൺ നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് എന്ത് പറഞ്ഞാലും താൻ രാജി വയ്ക്കില്ലെന്നും വേണമെങ്കിൽ തന്നെ പുറത്താക്കാനുമായിരുന്നു ചെയർപേഴ്‌സന്റെ മറുപടി.
ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധം ശക്തമായതോടെ തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പുപറഞ്ഞ് ചെയർപേഴ്‌സൺ തടിയൂരി.നഗരത്തിലെ മാലിന്യ സംസ്‌ക്കരണ വിഷയവുമായി ബന്ധപ്പെട്ടും കൗൺസിൽ ബഹളമയമായിരുന്നു.