കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്. പെരിന്തല്‍മണ്ണ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്ക്കെതിരെ നിലവില്‍ ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.
വിഷയത്തില്‍ സമഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. 450കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിലവിലെ വിലയിരുത്തല്‍. പണംതട്ടിയെടുത്ത അക്കൗണ്ടുകള്‍ കണ്ടെത്താനായിട്ടില്ല. പണം എവിടേയ്ക്കാണ് പോയതെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടൻ്റ് അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അനന്തുവിൻ്റെ ജീവനക്കാരില്‍ പലരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളില്‍ വൈരുധ്യമെന്നും അന്വേഷണ സംഘം പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്.
നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് അറിയിച്ചിരുന്നു.