ഗെലോങ്: ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചതോടെ പുരുഷന്മാരുടെ ലോകകപ്പിന് ആവേശകരമായ തുടക്കം. ഏഷ്യൻ ചാമ്പ്യന്മാരെന്ന പ്രൗഡിയോടെ എത്തിയ ശ്രീലങ്കെയെയാണ് ആദ്യ മത്സരത്തിൽ നമീബിയ അട്ടിമറിച്ചത്. 55 റണ്ണിന്റെ ഉജ്വല വിജയമാണ് നമീബിയ നേടിയത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക നമീബിയയെ ആദ്യം ബാറ്റിംങിന് അയക്കുകയായിരുന്നു. സ്വന്തം ബൗളർമാരിലുള്ള ആത്മവിശ്വാസം പക്ഷേ ശ്രീലങ്കൻ ക്യാപ്റ്റന് തിരിച്ചടിയായി മാറി. മത്സരത്തിൽ ആദ്യം വിക്കറ്റ് നഷ്ടമായെങ്കിലും തിരികെ ശക്തമായി എത്തുകയായിരുന്നു നമീബിയ.
28 പന്തിൽ 44 റണ്ണെടുത്ത ജാൻ ഫ്രൈലിങ്ക് ആണ് ടീമിന് മികച്ച സ്കോറിൽ എത്തിച്ചത്. 163 ന് ഏഴ് എന്ന നിലയിലാണ് നമീബിയ സ്കോർ അവസാനിപ്പിച്ചത്. മറുപടി ബാറ്റിംങിന് ഇറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തിൽ നൂറ് കടക്കില്ലെന്ന സ്ഥിതിയിൽ എത്തി. 12 റണ്ണിന് ആദ്യ വിക്കറ്റ് പോയ ശ്രീലങ്ക ഒരു ഘട്ടത്തിൽ 88 ന് എട്ട് വിക്കറ്റ് എന്ന നിലയിലും 92 ന് ഒൻപത് എന്ന നിലയിലും തകർന്നു തരിപ്പണമായി. എന്നാൽ, അവസാന വിക്കറ്റിൽ മഹേഷ് തീക്ഷണ 11 പന്തിൽ 11 ഉം, ചമീര 15 പന്തിൽ എട്ടു റണ്ണെടുത്തും നടത്തിയ പ്രതിരോധമാണ് സ്കോർ നൂറ് കടത്തിയത്.