കൊച്ചി: ബ്രാഹ്മണരുടെ സേവകരായി നിന്ന ശൂദ്രന്മാരാണ് പിന്നീട് നായന്മാർ ആയതെന്ന് ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ രാജൻ ഗുരുക്കൾ. പരശുരാമൻ കേരളം പിടിച്ചടക്കുന്ന സമയത്ത് ഇവിടെ ക്ഷത്രിയന്മാർ ഉണ്ടായിരുന്നില്ല. ബ്രാഹ്മണർ കഴിഞ്ഞാൽ ശൂദ്രർ മാത്രമേയുള്ളൂ. ബ്രാഹ്മണരുടെ കണക്ക് നോക്കുന്ന മേൽനോട്ടക്കാർ മേനോന്മാരും സേവകരായി, പടനായകരെപ്പോലെ വാളും പിടിച്ച് നിന്നിരുന്നവർ നായന്മാരുമായി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരശുരാമൻ എല്ലാ വിധത്തിലുള്ള ആളുകളേയും കൊണ്ടുവന്ന് ബ്രാഹ്മണരുടെ സേവകരായി വച്ചു. അങ്ങനെയാണ് കേരള ഉൽപ്പത്തിയിൽ പറയുന്നത്. നായന്മാരും ശൂദ്രരായിരുന്നു. ഇവിടെ ക്ഷത്രിയന്മാർ ഉണ്ടായിരുന്നില്ല. എല്ലാ ക്ഷത്രിയന്മാരെയും നശിപ്പിച്ചിട്ടാണല്ലോ പരശുരാമൻ വന്നത്. ബ്രാഹ്മണർ കഴിഞ്ഞാൽ ശൂദ്രർ മാത്രമേയുള്ളൂ. വൈശ്യരില്ല. ബ്രാഹ്മണരുടെ കണക്ക് നോക്കുന്ന മേൽനോട്ടക്കാർ മേനോന്മാരായി. ബ്രാഹ്മണന്മാർക്ക് അകമ്ബടി പോവുകയും സേവകരായി വാളും പിടിച്ച് നിൽക്കുകയും ചെയ്തിട്ടുള്ളവരാണ് നായന്മാർ. ബ്രാഹ്മണരോട് അടുത്തു നിൽക്കുന്നവർക്ക് കുറേശ്ശേ ബ്രാഹ്മണ്യം കിട്ടുകയാണ്. പിന്നെ സ്വത്തും. ബ്രാഹ്മണ്യവും സ്വത്തും കൂടി കിട്ടിയതോടെ അവർ പ്രമാണിമാരായി. പിന്നീട് ബ്രാഹ്മണന്മാരുടെ ചിട്ടവട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നു. ഇതോടെയാണ് ഇവർ ശൂദ്രർ അല്ലെന്ന് സ്ഥാപിച്ചെടുത്തത്.- രാജൻ ഗുരുക്കൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നായന്മാർ നാടുവാഴികളായത് ബ്രാഹ്മണർക്ക് സേവകരായി എന്ന അർത്ഥത്തിലാണ്. നമ്ബൂതിരിമാരിൽ മൂത്ത ആൾ മാത്രമാണ് വേളി കഴിക്കുക. നായരും അല്ല ബ്രാഹ്മണരും അല്ലാത്ത അമ്ബലവാസികൾ എന്നൊരു ഗ്രൂപ്പുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നവരാണ് അവർ. വാര്യന്മാരും മാരാന്മാരുമെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. ജോലിയുടെ അടിസ്ഥാനമാക്കിയുള്ള ജാതികൾ സൃഷ്ടിച്ചെടുത്തത് ബ്രാഹ്മണന്മാരാണ്. നിത്യവൃത്തിക്കായി ഇവർക്ക് ഭൂമി വിട്ടുകൊടുക്കും. ഭൂമിയുടെ മേലുള്ള അവകാശവും ബ്രാഹ്മണനുമായി അടുത്ത് നിൽക്കുന്നവരും ആയതിനാലാണ് അവർക്ക് സ്റ്റാറ്റസ് കൂടിയത്.- അദ്ദേഹം വ്യക്തമാക്കി.
പരശുരാമൻ മനുഷ്യരൂപത്തിലുള്ള ദൈവമാണ് എന്നാണ് രാജൻ ഗുരുക്കൾ പറയുന്നത്. മനുഷ്യരൂപത്തിൽ വന്നുകഴിഞ്ഞാൽ അവർ ഐതിഹാസിക കഥാപാത്രങ്ങളാകും. മഴുവെറിഞ്ഞ് ഭൂമി സ്വന്തമാക്കി എന്നത് ഐതിഹ്യമാണ്. ബ്രാഹ്മണരെ കൊണ്ടുവന്നു എന്നു പറയുന്നത് ചരിത്രപരമാണ്. ആദ്യം ബ്രാഹ്മണരെ കൊണ്ടുവന്നെങ്കിലും ഇവിടെയുള്ളവർ തുരത്തിയോടിക്കുകയായിരുന്നു. പിന്നീട് ആയുധങ്ങളുമായി എത്തി അവരെ കീഴടക്കിയാണ് കേരളം പിടിച്ചടക്കുന്നത്. അടിമകൾ എന്നു പറയുന്നവരെ ഉണ്ടാക്കുന്നത് ആയുധ ധാരികളായ ഈ ബ്രാഹ്മണരാണ്.- അദ്ദേഹം കൂട്ടിച്ചേർത്തു.