പത്തനംതിട്ട: നരബലിക്കായി സ്ത്രീകളെ തട്ടിക്കൊണ്ടുപോയത് വ്യക്തമായ ആസൂത്രണത്തിനൊടുവിൽ. ഓരോനീക്കവും അണുവിട വ്യതിചലിക്കാതിരിക്കാൻ മുഹമ്മദ് ഷാഫി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിൽ അയാൾ പൂർണമായും വിജയിക്കുകയും ചെയ്തു. ഇതെല്ലാം ഷാഫി ഒറ്റയ്ക്ക് ചെയ്തതാണെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മറ്റുചിലരുടെയും സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അതുപോലെ ഇയാൾ സംസ്ഥാനത്ത് കൂടുതൽ നരബലികൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാഫി സ്ത്രീകളെ തട്ടിക്കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടുമാസംമുമ്ബാണ് സ്ത്രീകളെ കാണാതായത് സംബന്ധിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു. ഇതിനിടെയാണ് ഷാഫി എന്നയാൾ തിരുവല്ലയിലേക്ക് പോകാമോ എന്ന് ചോദിച്ച് തങ്ങളിൽ ചിലരെ സമീപിച്ചിരുന്നതായി ലോട്ടറി വില്പനക്കാരായ ചില സ്ത്രീകൾ പാെലീസിനെ അറിയിച്ചത്. കടവന്ത്രയിൽ കടനടത്തിയിരുന്ന ഷാഫിയെ ഇവർക്കെല്ലാം അറിയാമായിരുന്നു. ഇതിനിടെ ഒരു സ്ത്രീ ഇയാൾക്കൊപ്പം പോയി എന്ന വിവരവും ലഭിച്ചു. ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അരുംകൊലയുടെ വിവരങ്ങൾ അയാൾ തുറന്നുപറയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പൊലീസ് നടത്തിയ പരിശോധനയിൽ ഇരകളിലൊരാളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. പ്രതിയായ ഭഗവൽസിംഗിന്റെ വീടിന് സമീപത്തു നിന്നുമാണ് ഇരകളിൽ ഒരാളായ പത്മയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വീട്ടിൽ നിന്നും 50 മീറ്റർ മാറിയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വീട്ടുവളപ്പിനോട് ചേർന്ന് കിടക്കുന്ന കാടുമൂടിയ പ്രദേശത്താണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കൃത്യം ചെയ്ത സ്ഥലം വിവരിച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് ഇവരെ സംഭവസ്ഥലത്തെത്തിച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്.