ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ ഇന്ത്യയെ ‘ടാരിഫ് കിങ്’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ഭീമമായ തീരുവ ചുമത്തുന്നതിൽ മുമ്ബൻ എന്ന അർത്ഥത്തിൽ.ഇന്ത്യയുമായുള്ള ഉല്‍പ്പന്ന- സേവന വിപണനത്തില്‍ പ്രതിവർഷം അമേരിക്കയ്ക്ക് 100 ബില്യൻ ഡോളറിന്റെ വ്യാപാരക്കമ്മി ഉണ്ടെന്നു വരെ ട്രംപ് അവകാശപ്പെട്ടു, 2024-25-ലെ കണക്കു പ്രകാരം ഇത് 44.4 ബില്യണ്‍ ഡോളറാണെങ്കിലും. വ്യാപാരക്കമ്മി കണക്കുകള്‍ പറഞ്ഞാണ് ട്രംപ് ലോകത്തോട് തീരുവയുദ്ധം പ്രഖ്യാപിച്ചത്. ഇപ്പോഴും അത് തുടരുകയുമാണ്.
ഈ അവകാശവാദങ്ങളെ പൊളിച്ചടുക്കുകയാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗ്ലോബല്‍ റിസർച്ച് ഇനിഷ്യേറ്റീവിന്റെ (ജി.ടി.ആർ.ഐ) റിപ്പോർട്ട്. ഇന്ത്യയുമായുള്ള സാമ്ബത്തിക ഇടപാടുകളില്‍ നിന്ന് അമേരിക്ക പ്രതിവർഷം 80 മുതല്‍ 85 വരെ ബില്യണ്‍ ഡോളർ വരുമാനം ഉണ്ടാക്കുന്നുവെന്നും ഏതാണ്ട് 40 ബില്യണ്‍ ഡോളർ വ്യാപാരമിച്ചം നേടുന്നുവെന്നും കണക്കുകള്‍ നിരത്തി റിപ്പോർട്ട് പറയുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളുടെ ഒരു ഭാഗം മാത്രമാണ് ഉല്‍പ്പന്ന, സേവന വ്യാപാരം എന്ന് ജി.ടി.ആർ.ഐയുടെ സഹസ്ഥാപകനായ അജയ് ശ്രീവാസ്തവ ചൂണ്ടിക്കാണിക്കുന്നു. വ്യാപാരക്കരാറുകള്‍ ചർച്ച ചെയ്യുമ്ബോള്‍ സാമ്ബത്തിക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും നോക്കേണ്ടതുണ്ട്. സങ്കുചിതമായ വ്യാപാരക്കമ്മിയുടെ കണക്കുകാട്ടി തങ്ങളാണ് ഇരകള്‍ എന്ന് വാദിക്കാൻ അമേരിക്കയ്ക്ക് ആവില്ല- അദ്ദേഹം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യക്കാരില്‍ നിന്നും ലാഭം ഉണ്ടാക്കുന്നവരില്‍ മുൻനിരയില്‍ അമേരിക്കയിലെ സർവകലാശാലകളുണ്ട്. ഏതാണ്ട് മൂന്ന് ലക്ഷം ഇന്ത്യൻ വിദ്യാർഥികള്‍ ഒരുവർഷം അമേരിക്കയില്‍ ചെലവാക്കുന്നത് 25 ബില്യണ്‍ ഡോളറാണ്- 15 ബില്യണ്‍ ഡോളർ ട്യൂഷൻ ഫീസായും 10 ബില്യണ്‍ ഡോളർ ജീവിതച്ചെലവായും. ഗൂഗിളും ആമസോണും ആപ്പിളും മൈക്രോസോഫ്റ്റും പോലുള്ള സാങ്കേതിക രംഗത്തെ അമേരിക്കൻ വമ്ബന്മാർ 15 മുതല്‍ 20 ബില്യണ്‍ വരെ ഡോളർ അമേരിക്കയിലെത്തിക്കുന്നു. അതിവേഗം വർധിക്കുന്ന ഡിജിറ്റല്‍ മാർക്കറ്റില്‍ നിന്നും പരസ്യങ്ങളും ക്ലൗഡ് സേവനങ്ങളും ആപ്പ് സ്റ്റോറുകളും സോഫ്റ്റ്വെയർ, ഉപകരണ കച്ചവടവും സ്ട്രീമിംഗ് സബ്സ്ക്രിപ്ഷനും വഴി നേടുന്ന വരുമാനം നേരെ അമേരിക്കയിലേക്ക് ഒഴുകുന്നു. ഇന്ത്യയുടെ വളരുന്ന സാമ്ബത്തിക രംഗവും അമേരിക്കയുടെ വരുമാനം വർദ്ധിപ്പിക്കുന്നു. സിറ്റി ബാങ്ക്, ജെ.പി മോർഗൻ, ഗോള്‍ഡ്മൻ സാക്സ്, മെക്കിൻസി, ബി.സി.ജി, പി.ഡബ്ല്യു.സി, കെ.പി.എം.ജി തുടങ്ങിയ കമ്ബനികള്‍ പത്തു മുതല്‍ 15 ബില്യണ്‍ ഡോളർ വരെയാണ് ഇന്ത്യയിലെ സാമ്ബത്തിക മേഖലയിലെ പ്രവർത്തനങ്ങളില്‍ നിന്നും നേടുന്നത്.
ഫൈസർ, ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍, മെർക് തുടങ്ങിയ അമേരിക്കൻ ഫാർമ കമ്ബനികള്‍ ഇന്ത്യയില്‍ നിന്നും ഓരോ വർഷവും രണ്ട് ബില്യണ്‍ ഡോളറോളം നേടുന്നു. പേറ്റന്റും ഡ്രഗ് ലൈസൻസും സാങ്കേതികവിദ്യ കൈമാറ്റവുമൊക്കെ വഴി. ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ അമേരിക്കൻ വാഹനനിർമ്മാതാക്കള്‍ ലൈസൻസിങ് കരാറുകളും സാങ്കേതിക സേവനങ്ങളും വഴി മറ്റൊരു ബില്യണ്‍ ഡോളർ നേടുന്നു. അതുപോലെ നിരവധി മേഖലകള്‍ വേറെയും ഉണ്ട്, പ്രതിരോധമേഖല പോലെ. കൃത്യമായ കണക്കുകള്‍ രഹസ്യമാണെങ്കിലും ആയിരക്കണക്കിന് കോടി ഡോളർ വിലയുള്ള സൈനികോപകരണങ്ങള്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ ദശകത്തില്‍ അമേരിക്ക വിറ്റിട്ടുണ്ട്.
അമേരിക്ക ജി.ടി.ആർ.ഐ റിപ്പോർട്ടും അതിലെ കണക്കുകളും കണ്ടതായി ഇതുവരെ ഭാവിച്ചിട്ടില്ല. വ്യാപാരമൊഴികെയുള്ള മറ്റു വരുമാനമാർഗങ്ങളെ കണക്കിലെടുക്കാനാവില്ല, തങ്ങള്‍ക്കാണ് വ്യാപാരക്കമ്മി എന്ന നിലപാട് തുടരാനും ഇറക്കുമതിത്തീരുവയില്‍ കൂടുതല്‍ സൗജന്യങ്ങള്‍ ആവശ്യപ്പെടാനുമാണ് സാധ്യത. പക്ഷേ, ഈ റിപ്പോർട്ട് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളില്‍ ഉത്പ്പന്നവ്യാപാരം കൂടാതെ നിരവധി കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. അധികത്തീരുവ ഭീഷണി നേരിടുന്ന ചൈനയെ പോലുള്ള രാജ്യങ്ങള്‍ക്കും അമേരിക്കയുമായി കൂടുതല്‍ ഫലപ്രദമായി വിലപേശാനുള്ള വഴിതുറക്കുന്നതാണ് റിപ്പോർട്ട്. എന്തായാലും അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളിലേർപ്പെട്ടിരിക്കുന്ന വാണിജ്യമന്ത്രി പീയൂഷ് ഗോയലിനും സംഘത്തിനും പുതിയ കണക്കുകള്‍ ശക്തി പകരും.
ഓപ്പറേഷൻ സിന്ദൂറും ശക്തമാവുന്ന ദേശീയതയും
മൂന്നു ദിവസം കൊണ്ട് പാകിസ്താനെ നിലംപരിശാക്കിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം രാജ്യമാകെ ദേശീയവികാരം ശക്തിപ്പെടുകയാണ്. അതിന്റെ പ്രതിഫലനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളില്‍ കാണാം. വിട്ടുവീഴ്ചയില്ലാത്ത ദേശീയ നിലപാടുകള്‍ അമേരിക്കയെ കൂടി ഉദ്ദേശിച്ചാകാം. ഓപ്പറേഷൻ സിന്ദൂറില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യയ്ക്ക് തീരെ രസിച്ചില്ല. അത് നേതൃത്വം പലകുറി വ്യക്തമാക്കിയെങ്കിലും ട്രംപ് നിലപാടില്‍ മാറ്റം വരുത്തിയില്ല. ബംഗ്ലാദേശില്‍ അമേരിക്ക ഇടപെടുന്നതും അല്‍ക്വയ്ദ നേതാവായിരുന്ന സിറിയൻ പ്രസിഡണ്ട് അല്‍ ഷാരയുമായി ബന്ധം പുലർത്തുന്നതും ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
വ്യാപാര ചർച്ചയില്‍ ഇന്ത്യയുടെ പ്രതികരണം കണിശവും ഉറച്ചതുമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യൻ ഉരുക്കിനും അലൂമിനിയത്തിനും 25 ശതമാനം തീരുവ അമേരിക്ക പുനസ്ഥാപിച്ചിരുന്നു. അതിനു പകരമായി ഇന്ത്യ 29 അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിത്തീരുവ ചുമത്താൻ ഒരുങ്ങുന്നു. മുൻകൂട്ടി അറിയിക്കാതെ സംരക്ഷണത്തീരുവ (സെയ്ഫ്ഗാർഡ് ടാരിഫ്) ചുമത്തിയതിനു പകരമായി തിരിച്ചടിത്തീരുവ ചുമത്താൻ ലോകവ്യാപാരസംഘടനയുടെ ചട്ടം അനുവദിക്കുന്നുണ്ട്. അതാണ് ഇന്ത്യ ചെയ്യാൻ ഉദ്ദേശിക്കുന്നത്. പക്ഷേ, അമേരിക്ക പറയുന്നത് തങ്ങളുടെ നടപടി ദേശീയസുരക്ഷാ ഉല്‍ക്കണ്ഠകളുമായി ബന്ധപ്പെട്ടാണ് എന്നാണ്. എന്തായാലും വ്യാപാരചർച്ചകള്‍ നടക്കുന്നതിനിടെ തിരിച്ചടിക്കാൻ ഇന്ത്യ തയ്യാറായത് അമേരിക്കയെ ഞെട്ടിച്ചു. മികച്ച വ്യാപാരക്കരാർ ഉണ്ടായാല്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യും, അതിനാല്‍ ചർച്ചകള്‍ വാശിയേറിയ ഏറ്റുമുട്ടലാവില്ലെന്ന് കരുതാം.