ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പർവ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. പ്രധാനമായും ആശുപത്രികളിലും സ്കൂളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമായിരിക്കും ഇവ സംഘടിപ്പിക്കുക.
മോദിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ പർവ് രണ്ടാഴ്ച നീണ്ടുനില്‍ക്കും. ജന്മദിനത്തോട് അനുബന്ധിച്ച് ഒഡീഷയിലെ ഭുവനേശ്വറില്‍ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഭുവനേശ്വർ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും. അവിടെയുള്ള ആവാസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. അവിടെ നിന്ന് അദ്ദേഹം ജനതാ മൈദാനിലേയ്ക്ക് പോകും. സുഭദ്ര യോജന പദ്ധതിയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും. വനിതകള്‍ക്ക് 5 വർഷത്തേക്ക് 50,000 രൂപ നല്‍കുന്ന പദ്ധതിയാണ് സുഭദ്ര യോജന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒഡീഷയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഭുവനേശ്വറിലും ജനതാ മൈദാനിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാന പട്ടണത്തിലായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. 1971-ലാണ് അദ്ദേഹം ഗുജറാത്തില്‍ ആർ. എസ്. എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറിയത്. പിന്നീട് 1985ല്‍ അദ്ദേഹം ബിജെപിയില്‍ എത്തി. തുടർന്ന് 2001 വരെ പാർട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു. 2001 മുതല്‍ 2014 വരെ തുടർച്ചയായി മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സേവനമനുഷ്ഠിച്ചു. 2014-ആണ് അദ്ദേഹം ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.