തിരുവനന്തപുരം : വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ , ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് പുതിയ കര്‍മ്മ പദ്ധതിയുമായി ആര്.എസ്.എസ് രംഗത്ത്. ഇതിനായി വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ആര്.എസ്.എസ് ഉന്നത നേതൃത്വത്തിനുള്ളത്. മുന്‍പ് ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വാരണാസിയിലും മത്സരിച്ച മോഡലില്‍ ഇത്തവണ വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് മത്സരിക്കണമെന്നതാണ് സംഘപരിവാറിന്റെ ആഗ്രഹം.
തമിഴ് നാട്ടിലെ രാമനാഥപുരത്തോ കേരളത്തില്‍ തിരുവനന്തപുരത്തോ മോദി മത്സരിക്കണമെന്ന നിര്‍ദ്ദേശം ബി.ജെ.പി നേതാക്കള്‍ക്കിടയിലും ശക്തമാണ്. ‘മോദി തമിഴ്നാട്ടില്‍ നിന്ന് മല്‍സരിക്കുകയാണെങ്കില്‍ തമിഴ് ജനതയില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും ‘ അത് വോട്ടായി മാറുകയും ചെയ്യുമെന്നാണ് തമിഴ് നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ അണ്ണാമലൈ തന്നെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, രാജ്യത്ത് ആര്.എസ്.എസിന് ഏറ്റവും അധികം ശാഖകളുള്ള കേരളത്തില്‍ നിന്നും മോദിയെ മത്സരിപ്പിക്കണമെന്നതാണ് ആര്.എസ്.എസ് നേതൃത്വത്തിന്റെ ആഗ്രഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളമാകട്ടെ മോദിയെ സംബന്ധിച്ചും തികച്ചും സ്പെഷലാണ്. ‘കമ്യൂണിസ്റ്റുകളില്‍ നിന്നും ത്രിപുര പിടിച്ച ബി.ജെ.പി ഇനി ആഗ്രഹിക്കുന്നത് ചുവപ്പ് കോട്ടയായ കേരളമാണെന്നത് ‘ മോദി തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം നേടിയതിനേക്കാള്‍ മോദിയെ ആവേശം കൊള്ളിച്ചിരുന്നതും ത്രിപുരയിലെ ബി.ജെ.പിയുടെ വിജയമാണ്. പ്രത്യയശാസ്ത്രപരമായ വിജയം എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ മോദി ബി.ജെ.പി വിജയപ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരത്ത് മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതാണ് അവസ്ഥ.
നിലവില്‍ തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലാണ് കേരളത്തില്‍ ബി.ജെ.പി വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. മോദി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ വിജയം ചുരുങ്ങിയത് 4 സീറ്റുകളില്‍ ഉറപ്പാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. മോദിക്കായുള്ള സമ്മര്‍ദ്ദം തമിഴ് നാട് നേതൃത്വത്തെ പോലെ കേരള നേതൃത്വവും തുടരുമെന്നാണ് ലഭിക്കുന്ന വിവരം. മോദി തിരുവനന്തപുരത്തു നിന്നും മത്സരിച്ചാല്‍ കേരള രാഷ്ട്രീയത്തെ തന്നെ അതു മാറ്റി മറിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ അവകാശപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ – സാമുദായിക സമവാക്യങ്ങള്‍ അതോടെ തകരുമെന്നും കൂടുതല്‍ ജനവിഭാഗങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നുമാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. കേന്ദ്രത്തില്‍ മൂന്നാംവട്ടവും ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പി, ഇത്തവണ ദക്ഷിണേന്ത്യയില്‍ പ്രത്യേക ശ്രദ്ധയാണ് പതിപ്പിച്ചിരിക്കുന്നത്. കര്‍ണ്ണാടക കഴിഞ്ഞാല്‍ പിന്നെ തെലങ്കാനയിലാണ് ബി.ജെ.പി വലിയ പ്രതീക്ഷ പുലര്‍ത്തുന്നത്.
2024-ലെ തിരഞ്ഞെടുപ്പില്‍ , തമിഴ് നാട്ടിലും കേരളത്തിലും പരമാവധി നേട്ടമുണ്ടാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് തന്നെയാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ആര്.എസ്.എസ് നേതൃത്വം മോദി ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ , അതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ആര്.എസ്.എസിന്റെ മുഴുവന്‍ സംഘടനാ ശേഷിയുമാണ് മോദിക്കായി പ്രവര്‍ത്തിക്കുക.
അതേസമയം, ലോകസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കവും ബി.ജെ.പി ഇപ്പോള്‍ നീക്കം നടത്തുന്നുണ്ട്. പ്രധാനമായും ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിനിടെ, മുന്‍ കോണ്‍ഗ്രസ് നേതാവും നീണ്ടകാലം കോണ്‍ഗ്രസ്സിലെ മുസ്ലീംമുഖവുമായിരുന്ന ഗുലാംനബി ആസാദും മോദിയെ പ്രശംസിച്ച് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘നരേന്ദ്രമോദിയാണ് , കോണ്‍ഗ്രസുകാരെക്കാള്‍ തന്നോട് പരിഗണന കാട്ടിയ നേതാവെന്നാണ് അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും, ഗുലാംനബി ആസാദ് തുറന്നടിച്ചിട്ടുണ്ട്. ഇതോടെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഗുലാംനബി ആസാദിന്റെ പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്.