ന്യൂഡല്‍ഹി: തെക്ക് കിഴക്കൻ ഏഷ്യയുടെ തലസ്ഥാനമായി ഇന്ത്യയെ വളർത്തുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ പുരോഗതി മറ്റാർക്കും ഭീഷണിയല്ലെന്നും ആഗോള തലത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ ശക്തിപ്പെടുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് സന്തോഷമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കൊല്‍ക്കത്തയും ഗുവാഹത്തിയും ആഗോള കേന്ദ്രങ്ങളാകാൻ സാധിക്കുന്ന ഇടങ്ങളാണ്. എന്തുകൊണ്ട് കൊല്‍ക്കത്തയ്‌ക്ക് തെക്ക് കിഴക്കൻ ഏഷ്യയുടെ ആകർഷക കേന്ദ്രമായി മാറാൻ സാധിക്കില്ലെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയെ ലോകഭൂപടത്തിലെ രത്നമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്.ഇന്ത്യയുമായി അടുക്കാൻ ലോകരാജ്യങ്ങള്‍ മത്സരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളർച്ച ലോകത്തിന് ഊർജ്ജവും ആവേശവും പകരുന്നു. സമ്പദ് വ്യവസ്ഥയിലുണ്ടായ കുതിപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശൗചാലയങ്ങള്‍ നിർമ്മിച്ച്, ജനങ്ങളുടെ ആരോഗ്യത്തിന് പ്രധാന്യം നല്‍കിയത് ലോകമേറ്റെടുത്ത് കഴിഞ്ഞു. ഇന്ന് ഇന്ത്യ സ്വന്തമായി സൗരോർജ്ജം ഉത്പാദിപ്പിക്കുന്നു. ഇവയെല്ലാം ലോകമേറെ ആവേശത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.